valavu
ഫാം ഓഫീസിന് മുന്നിലെ സംസ്ഥാനപാതയിലെ കൊടുംവളവ്

തളിപ്പറമ്പ്: അപകട വളവ് ഒഴിവാക്കാനായി കോടികൾ ചെലവിട്ടും വളവും അപകടവും ബാക്കിയായി. തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ കരിമ്പം ഇ.ടി.സി മുതൽ ഫാം വരെയുള്ള വളവുകൾ നിവർത്തി റോഡ് നവീകരിക്കാനും റോഡ് വീതികൂട്ടാനുമായി അനുവദിച്ചത് 35 കോടി രൂപയാണ്. ഈ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചുവെങ്കിലും ഫാമിന് മുന്നിലെ വളവ് അതുപോലെ നിലനിർത്തുകയായിരുന്നു.

വളവുകൾ നിവർത്തി നേർ റോഡ് പണിയുന്നതിനായി 65 സെന്റ് സ്ഥലമാണ് കരിമ്പം ഫാം അധികൃതർ വിട്ടുനൽകിയത്. പ്രധാനവളവായ പതിനൊന്നാം വളവ് നിവർത്തിയെങ്കിലും നിരവധി അപകടങ്ങളും മരണങ്ങളും നടന്ന ഫാം ഓഫീസിന് മുന്നിലെ അപകടവളവ് വളവായി തന്നെ നിലനിൽക്കുകയാണ്. റോഡ് നവീകരണത്തിന് ശേഷം അപകടങ്ങൾ തുടർക്കഥയായതോടെ അധികൃതർ ഇവിടെ അപായ സൂചനാ ബോർഡ് സ്ഥാപിച്ചിരിക്കയാണ്. ബോർഡ് സ്ഥാപിച്ചശേഷവും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്.

പറഞ്ഞ വഴിയൊന്നും പോയില്ല

5 വളവുണ്ടായിരുന്ന ഇവിടെ 3 വളവുകൾ നിലനിൽക്കുകയാണ്. 5 വളവുകളും നിവർത്തി നേർ റോഡ് വരുമെന്നായിരുന്നു നാട്ടുകാരുടെ കണക്കുകൂട്ടൽ. അങ്ങനെ തന്നെയായിരുന്നു അധികൃതരും പറഞ്ഞിരുന്നതെന്ന് സമീപവാസികൾ പറയുന്നു. കോടികൾ ചെലവഴിച്ചതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഈ വളവ് കൂടി നിവർക്കണമായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു. കുറച്ചുകൂടി ആസൂത്രണത്തോടെ റോഡ് വികസനം നടപ്പിലാക്കിയിരുന്നുവെങ്കിൽ മുഴുവൻ വളവുകളും ഒഴിവാക്കി അപകടം സംഭവിക്കാത്ത തരത്തിലുള്ള റോഡ് ഉണ്ടാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെയും അഭിപ്രായം.