തലശ്ശേരി: നഗരത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ടി.എം.സി നമ്പർ കർശനമാക്കണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമീപ പഞ്ചായത്തുകളിൽ സർവ്വീസ് നടത്തുന്ന ഓട്ടോകൾ തലശ്ശേരിയിലേക്ക് രാവിലെ ട്രിപ്പ് വന്നാൽ പിന്നെ വൈകിട്ടേ തിരികെ പോവാറുള്ളൂ. അവർ തോന്നിയത് പോലെ ചാർജ് ഈടാക്കുന്നതിനാൽ ഇതിന്റെ പഴി നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ കേൾക്കേണ്ടി വരുന്നുണ്ട്.
ഓട്ടോ ഡ്രൈവർമാർക്ക് നൈറ്റ് കാർഡ് കർശനമാക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവർമാർ യാത്രക്കാരോട് മാന്യമായി പെരുമാറണം. മീറ്ററുകൾ പ്രവർത്തിപ്പിക്കണം, ഇതിൽ വിട്ടുവീഴ്ചയില്ല. ഇക്കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാനും അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനും ഇന്ന് തലശ്ശേരിയിൽ പ്രചാരണവും ധർണയും സംഘടിപ്പിക്കും. രാവിലെ 10ന് പുതിയ ബസ് സ്റ്റാൻഡിലും 11ന് പഴയ ബസ് സ്റ്റാൻഡിലുമാണ് ബോധവൽക്കരണ പരിപാടി. ടി.പി.ശ്രീധരൻ (സി.ഐ.ടി.യു), പി. ജനാർദ്ദനൻ (ഐ.എൻ.ടി.യു.സി), വി.കെ. ഖാലിദ് (എസ്.ടി.യു), വി.വി.ദേവരാജൻ (ബി.എം.എസ്), പി.വി. ശശി, എൻ.കെ. രാജീവ്, പി. നസീർ, എം.കെ. ഷാജി, എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.