പേരാവൂർ: ചുമട്ടുതൊഴിലാളിയും സി.പി.എം പേരാവൂർ ടൗൺ ബ്രാഞ്ച് അംഗവുമായ വി.പി. ഇസ്മാമായിലിന്റെ മുരിങ്ങോടി മനോജ് റോഡിലെ വീടിന് നേരെ അക്രമം. ഇന്നലെ പുലർച്ചെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വീടിന്റെ വരാന്തയിൽ വെടിമരുന്നിന്റെ ചാരവും പോർച്ചിൽ കത്തിയ തുണി തിരികളും ഉണ്ട്.
പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബോംബേറാണോയെന്നും ബോംബ് പൊട്ടാത്തതാവാം അവശിഷ്ടങ്ങൾ പോർച്ചിൽ കാണപ്പെട്ടതെന്നും പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം പേരാവൂരിൽ കോൺഗ്രസ് -സി.പി.എം സംഘർഷം നടന്നിരുന്നു. ഇതിന് ശേഷം നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ ഇസ്മായിലിനെതിരെ ഭീഷണി സ്വരത്തിൽ കോൺഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നതായി സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു.