കല്യാശേരി: ടൂറിസ്റ്റുകളെ ആകർഷിക്കാൻ വെള്ളിക്കീൽ ഇക്കോ പാർക്ക് നവീകരിക്കുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ എട്ടു കോടി രൂപയാണ് ഈ ടൂറിസം പദ്ധതിക്കുവേണ്ടി സർക്കാർ മാറ്റിവെച്ചത്. വെള്ളിക്കീൽ പുഴയോരത്ത് 2014ലാണ് രണ്ടുകോടി ചിലവിട്ട് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഇക്കോപാർക്ക് പ്രവർത്തനം തുടങ്ങിയത്.
വിനോദസഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ,ഊഞ്ഞാൽ എന്നിവ നേരത്തെ ഒരുക്കിയിരുന്നു. ഇക്കോ പാർക്കിലെ കണ്ടൽകാടുകളും പുഴയോരവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാൽ നിരവധി ആളുകൾ സായാഹ്നം ആസ്വദിക്കാൻ പാർക്കിൽ എത്തുന്നുണ്ട്. വെള്ളിക്കീൽ പാർക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താനാണ് സംസ്ഥാന സർക്കാരും വിനോദസഞ്ചാരവകുപ്പും ലക്ഷ്യമിടുന്നത്.
കുട്ടഞ്ചേരിയിൽ തുടങ്ങി വെള്ളിക്കീൽ പാർക്ക് വരെ നാലര കിലോമീറ്റർ നീളത്തിൽ മനോഹരമായ തീരദേശപാതയും സൈക്കിൾ പാത്തും നിർമ്മിക്കാനാണ് പുതിയ പദ്ധതി. വെള്ളിക്കീലിൽ പ്രഭാതവും സായാഹ്നവും മനോഹരമായ കാഴ്ചയാണ്.വഴിയോരങ്ങളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കും.ചൂണ്ടയിടാനുള്ള സൗകര്യവും ഒരുക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ചെറിയ ഹട്ടുകൾ ,സഞ്ചാരികൾക്കായി പെഡൽ ബോട്ട് എന്നിവ നവീകരണപ്രവൃത്തിയുടെ ഡി.പി.ആറിലുണ്ട്. വിനോദസഞ്ചാരികൾക്കായി പ്രത്യേക ഫുഡ് കോർട്ടുകളും പാർക്കിലുണ്ടാകും. വെള്ളിക്കീൽ പുഴയോരത്തു നിന്ന് നേരിട്ട് മീൻ പിടിച്ചു കൊണ്ട് അപ്പോൾ തന്നെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന രീതിയും നിലവിൽ വരും.
രണ്ടുവർഷത്തിനകം വെള്ളിക്കീൽ ഇക്കോ പാർക്ക് നവീകരണം പൂർത്തിയാകും വിശദമായ ഡി.പി.ആർ തയ്യാറാക്കി കഴിഞ്ഞു . നിലവിൽ പാർക്കിൽ ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. വെള്ളിക്കീൽ ഇക്കോ പാർക്കിനെ ദേശീയ നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം
- ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ
മലബാർ റിവർ ക്രൂയ്‌സ് പദ്ധതി
കേന്ദ്ര ടൂറിസം മന്ത്രാലയവും സംസ്ഥാന ടൂറിസം വകുപ്പും, സ്വദേശി ദർശൻ പദ്ധതിയിലെ റൂറൽ സർക്യൂട്ടിൽ ഉൾപ്പെടുത്തിയതാണ് മലബാർ റിവർ ക്രൂയിസ് പദ്ധതി. വളപട്ടണം, അഞ്ചരക്കണ്ടി, മയ്യഴി, കവ്വായി, കുപ്പം, പെരുമ്പ, തേജസ്വിനി, ചന്ദ്രഗിരിപ്പുഴ, വലിയപറമ്പ് കായലും കേന്ദ്രീകരിച്ചുള്ള ബോട്ട് വിനോദസഞ്ചാരം എന്നിവയാണ് ഉൾപ്പെടുന്നത്. ആന്തൂർ നഗരസഭയുടെ കീഴിൽ എ.കെ.ജി ഐലന്റിൽ രണ്ട് ബോട്ട് ടെർമിനലും പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നിർമ്മിച്ചു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ ടൂറിസ്റ്റ് ബോട്ടുകൾ, സർക്കാർ ബോട്ടുകൾ, പ്രൈവറ്റ് ബോട്ടുകൾ എന്നിങ്ങനെ നിരവധി ബോട്ട് സർവീസുകൾ നടത്തുന്നുണ്ട്.