പാനൂർ: ഗാർഹിക ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുന്ന ഡെപ്പോസിറ്റ് നയവുമായി കെ.എസ്.ഇ.ബി. ഉപയോഗിച്ചുവരുന്ന വൈദ്യുതിയുടെ നാലു മാസത്തെ തുക ഡെപ്പോസിറ്റായി അടയ്ക്കാനാണ് നിർദ്ദേശം. ബില്ലിനൊപ്പം ഡെപ്പോസിറ്റും അടയ്ക്കണമെന്നു നിർദ്ദേശിച്ചുള്ള ബില്ലുകളാണ് ഇപ്പോൾ വിതരണം ചെയ്തുവരുന്നത്.
ഗാർഹിക കണക്ഷനുകൾക്ക് രണ്ടു മാസത്തെ വൈദ്യുതി ഉപയോഗത്തിന്റെ ചാർജ്ജാണ് ബില്ലിൽ നല്കുന്നത്. ഇതുപ്രകാരം രണ്ടു ബില്ലിനു സമാനമായ തുക ഡെപ്പോസിറ്റായി നൽകണം. ഏറ്റവും ഒടുവിലായി നൽകിയ ബില്ലിൽ ഡെപ്പോസിറ്റ് തുകകൂടി ചേർത്തത് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്.
എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന വിശദീകരണം. നേരത്തേ വൈദ്യുതി കണക്ഷൻ നൽകുമ്പോൾത്തന്നെ സമാനരീതിയിൽ ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു. വൈദ്യുതിനിരക്ക് കൂടുകയും പഴയ പല ഉപയോക്താക്കളും ആദ്യകാല ഉപയോഗത്തിലും കൂടുതലായി വൈദ്യുതി ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒറ്റയടിക്ക് വലിയ തുക ഡെപ്പോസിറ്റായി വാങ്ങിക്കുന്നതിനുപകരം ഗഡുക്കളായി അടയ്ക്കാനുള്ള സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കെ.എസ്.ഇ.ബിയുടെ
വാദം
വൈദ്യുതി ഉപയോഗത്തിന് ആനുപാതികമായുള്ള ഡെപ്പോസിറ്റ് തുക ഇല്ലാത്തവർക്കു മാത്രമാണ് പുതുക്കിയ ഡെപ്പോസിറ്റ് നിരക്ക് ഏർപ്പെടുത്തിയത്. ഡെപ്പോസിറ്റ് തുകയുടെ പലിശ വർഷാവർഷം വൈദ്യുതിബില്ലിൽ കുറച്ചുനൽകും.