നീലേശ്വരം: നാലു വർഷം മുമ്പ് ഏറ്റെടുത്ത നീലേശ്വരം -ഇടത്തോട് റോഡ് പണി തീർക്കാൻ നീട്ടിനൽകിയ സമയം ഈ മാസം 30 ന് അവസാനിക്കാനിരിക്കെ കരാറുകാരൻ വീണ്ടും പണി ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഇത് മൂന്നാം തവണയാണ് കരാറുകാരന്റെ മുങ്ങൽ.
കരാറുകാരൻ 2018ൽ പണി തുടങ്ങിയെങ്കിലും റോഡ് കിളച്ചിട്ട് സ്ഥലം വിട്ടിരുന്നു. ഇതിനെ തുടർന്ന് ജനരോഷം ഉയർന്നതിനെ തുടർന്ന് പാലായി റോഡ്, പാലാത്തടം കാമ്പസ്, നരിമാളം വളവ് എന്നിവിടങ്ങളിൽ റോഡ് ടാർ ചെയ്ത് ശേഷം വീണ്ടും കരാറുകാരൻ മുങ്ങി. ഇതിനിടയിൽ കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഇതിനിടെ കരാറിന്റെ സമയം കഴിഞ്ഞതിനാൽ 2021 നവംബറിൽ ഈ വരുന്ന 30നുള്ളിൽ പണി പൂർത്തികരിക്കാൻ സമയം നീട്ടി കൊടുക്കുകയായിരുന്നു. ഇത്രയും മാസത്തിനിടയിൽ പാലാത്തടം കാമ്പസ് മുതൽ നരിമാളം വളവ് വരെ റോഡ് മെക്കാഡം ടാറിംഗ് ചെയ്തെങ്കിലും പാലാത്തടം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡ് ടാറിംഗ് പണി തുടങ്ങാതെ കരാറുകാരൻ സ്ഥലം വിടുകയായിരുന്നു. കരാറുകാരന് വകുപ്പുദ്യോഗസ്ഥരും കൂട്ട് നിൽക്കുകയാണെന്ന് ആരോപണമുണ്ട്. മഴ ശക്തിപ്രാപിച്ചതിനാൽ മഴക്കാലം കഴിയാതെ ഇനി പണി ആരംഭിക്കാനാകില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
2018 ൽ മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന് വീതികൂട്ടാൻ സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെ 42 കോടി രൂപയ്ക്കാണ് ടെൻഡർ ക്ഷണിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡിനായിരുന്നു ഇതിന്റെചുമതല.
അറ്റകുറ്റപ്പണി ചെയ്യാതെ നാലുവർഷം
മഴക്കാലം വന്നതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞ് മിക്കയിടങ്ങളിലും കുഴി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിനാൽ കഴിഞ്ഞ നാലുവർഷമായി നീലേശ്വരം - ഇടത്തോട് റോഡ് അറ്റകുറ്റപ്പണി ചെയ്തിട്ടുമില്ല. ചായ്യോം ഭാഗങ്ങളിൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്തതല്ലാതെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കിയിട്ടില്ലാത്തതിനാൽ കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ റോഡരികിലുള്ള കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിരുന്നു. പുത്തരിയടുക്കം സബ് സ്റ്റേഷൻ പരിസരത്തും മഴ വന്നാൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണുള്ളത്.
പുത്തരിയടുക്കം സബ് സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട്