yoga
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിൽ നടന്ന യോഗപ്രദർശനം

മാവുങ്കാൽ: യോഗ കേവലം വ്യായാമം മാത്രമല്ലെന്നും നമ്മിൽ കുടികൊളളുന്ന ഈശ്വരനുമായി ബന്ധിപ്പിക്കുന്ന മാർഗ്ഗവും കൂടിയാണ് യോഗയെന്ന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ പറഞ്ഞു. നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണവും വിശ്വസംഗീത ദിന ചടങ്ങുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാലയ ചെയർമാൻ ദാമോദരൻ ആർക്കിടെക്ട് അദ്ധ്യക്ഷത വഹിച്ചു.ആനന്ദാശ്രമം യോഗാദ്ധ്യാപകൻ ദത്താജി വിദ്യാർത്ഥികൾക്ക് യോഗയുടെ ബാലപാഠങ്ങൾ വിശദീകരിച്ചു. പ്രിൻസിപ്പാൾ നിഷ ആർ.നായർ,അഡ്മിനിസ്ട്രേറ്റർ രത്നാകരൻ നെക്സ്റ്റ് വാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് അദ്ധ്യാപികമാരായ മായാമാധവൻ, ശ്രീന രാമകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗാപ്രദർശനവും കുട്ടികളുടെ സംഗീത സദസ്സും നടന്നു.