പയ്യന്നൂർ: പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ശാസ്ത്രീയമായി കൈകാര്യം ചെയ്താൽ അതിൽ നിന്ന് വരുമാനം കൂടി ലഭിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പയ്യന്നൂർ നഗരസഭ ഹരിത കർമ്മസേന പ്രവർത്തകർ.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിലും നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതിൽ നല്ല പ്ലാസ്റ്റിക് മാലിന്യം വില കൊടുത്ത് വാങ്ങുവാൻ കമ്പനികൾ തയ്യാറായതോടെയാണ് ഹരിത കർമ്മസേന പ്രവർത്തകർക്ക് , പ്ലാസ്റ്റിക് മാലിന്യം വരുമാന മാർഗ്ഗം കൂടിയായത്.
അന്യ സംസ്ഥാനങ്ങളിലെ കമ്പനികൾക്ക് പുനരുപയോഗത്തിന് വേണ്ടിയാണ് നല്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏജൻസികൾ വാങ്ങുന്നത്. ഇങ്ങിനെ നല്ല പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് വില്പന നടത്തിയ വകയിൽ ഒരു ലക്ഷം രൂപയാണ് ഹരിത കർമ്മസേന പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ലഭിച്ചത്. ഏജൻസിയിൽ നിന്നും ലഭിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് ചെയർപേഴ്സൺ കെ.വി. ലളിത ഏറ്റുവാങ്ങി ഹരിതസേന പ്രവർത്തകർക്ക് കൈമാറി. ഹരിതസേന പ്രവർത്തകർക്ക് വീടുകളിൽ നിന്ന് 50 രൂപയും, സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് യൂസർഫീയായി ഇപ്പോൾ ലഭിക്കുന്നത്. 44 വാർഡുകളിലായി 52 ഹരിതകർമ്മസേനാംഗങ്ങൾ ആണ് നഗരസഭയിൽ പ്രവർത്തിക്കുന്നത്. ഓരോ വാർഡുകളിലും 3 ടീമുകളായി ദിവസം 150 വീടുകൾ കേന്ദ്രീകരിച്ചാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് കൂടാതെ ചില്ലുകുപ്പി, ഇ- വേസ്റ്റ്, പേപ്പർ, തുണി, ലതർ എന്നിവയും നിശ്ചയിച്ച സമയങ്ങളിൽ ശേഖരിക്കുന്നുണ്ട്.