പാപ്പിനിശ്ശേരി: സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടുമ്പോൾ പുരുഷൻമാർ വിദ്യാഭ്യാസ നിലവാരത്തിൽ പിന്നോട്ടുപോവുന്നതായി പഠനം. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിനെ ലിംഗ സൗഹൃദമാക്കാനായി നടത്തിയ സ്ത്രീപദവി പഠനത്തിലാണ് സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് പുരുഷന്മാരേക്കാൾ ഉയർന്നതായുള്ള കണ്ടെത്തൽ. സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യതയും പുരുഷൻമാരേക്കാൾ ഉയർന്നതാണ്. പഠനവിധേയമാക്കിയവരിൽ 62 ശതമാനം പുരുഷന്മാരും പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസമുള്ളവരാണ്. 15 ശതമാനം പേർ ബിരുദവും അതിനു മുകളിലും യോഗ്യത നേടിയവരും. 65 ശതമാനം പുരുഷന്മാരും കൂലിപ്പണി പോലെ അവിദഗ്ധ ജോലികൾ ചെയ്യുന്നു. പുരുഷന്മാരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതുണ്ട്.
എന്നാൽ, പഞ്ചായത്തിൽ 50 ശതമാനം സ്ത്രീകളും ഹയർസെക്കൻഡറിയോ അതിന് മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്. അതേസമയം, ജോലി ചെയ്യുന്ന സ്ത്രീകൾ വെറും 24 ശതമാനം മാത്രം. 10ാം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയ സ്ത്രീകൾ 44 ശതമാനം മാത്രമാണ്.
സാമൂഹിക ചുറ്റുപാട് പുരുഷന്മാരുടെ വിദ്യാഭ്യാസ നിരക്ക് കുറയാൻ കാരണമാകുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ് പുരുഷന്മാരുടെ ഉത്തരവാദിത്തമായി കണക്കാക്കുന്നത് ഉയർന്ന വിദ്യാഭ്യാസം നേടാതെ വരുമാനമുണ്ടാക്കുന്ന ജോലികളിലേക്ക് അവർ നേരത്തെ തിരിയാൻ കാരണമാകുന്നു.
വിദ്യാഭ്യാസമുണ്ട്, പക്ഷെ ജോലിയില്ല
വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ചെയ്യുന്ന സ്ത്രീകൾ താരതമ്യേന കുറവാണ്. 47 ശതമാനം സ്ത്രീകൾ കൂലിപ്പണി, തൊഴിലുറപ്പ് പോലുള്ള ജോലികൾ ചെയ്യുന്നു. ജോലിക്ക് പോകാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാഹചര്യം മൂലവും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും അനുവാദമില്ലാത്തതുകൊണ്ടും ജോലിക്ക് പോവാൻ സാധിക്കാത്ത 45.1 ശതമാനം സ്ത്രീകളാണുള്ളത്. വീട്ടുജോലി സ്ത്രീയുടെ മാത്രം ചുമതലയായി കണക്കാക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. പുറത്ത് പോയി ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്ത 39 ശതമാനം സ്ത്രീകളും ഇത്തരം ചിന്താഗതിയുള്ളവരാണ്. കലാ കായിക രംഗത്ത് വളരെയധികം മികവ് പുലർത്തിയിരുന്ന പല സ്ത്രീകളും വീട്ടുത്തരവാദിത്തം കാരണം ഈ മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നതായി പഠനം കാണിക്കുന്നു.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനം സ്ത്രീകൾ
പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനത്തോളം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഉണ്ടായിവരുന്ന വർദ്ധനവ് സ്ത്രീകളുടെ പുരോഗതിയിലേക്കുള്ള സൂചനയാണ്. പഞ്ചായത്തിലെ 71 ശതമാനം സ്ത്രീകളും ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. കൃത്യമായ അറിവില്ലാതെ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിനാൽ പലരുടെയും ജീവിതം പലതരത്തിൽ പ്രയാസത്തിലാകുന്നുണ്ട്. അതിനാൽ ഇന്റർനെറ്റിന്റെ ദോഷവശങ്ങളെക്കുറിച്ച് മുതിർന്നവരെയും കുട്ടികളെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരിക്കും.
വ്യായാമക്കുറവ്, ജീവിത ശൈലി, ജോലിഭാരം, തെറ്റായ ഭക്ഷണക്രമം തുടങ്ങിയവ മൂലം സ്ത്രീകളിൽ രോഗങ്ങൾ ഏറുന്നു. ഗർഭാശയ, മൂത്രാശയ, അസ്ഥി സംബന്ധ രോഗങ്ങളാണ് ഏറെയും. പഞ്ചായത്തിലെ 83 അർബുദ ബാധിതരിൽ 51 പേർ സ്ത്രീകളാണ്. അതിനാൽ അർബുദം നേരത്തെ കണ്ടെത്താനുള്ള ക്യാമ്പുകളും ബോധവത്കരണവും പഞ്ചായത്ത് നടത്തും.