1
ചൊവ്വാഴ്ച എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് അയച്ച പൊട്ടിയ പച്ചരി ചാക്കുകൾ

കാസർകോട്: എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സപ്ലൈകോയുടെ ഗോഡൗണുകളിലേക്ക് അയക്കുന്നത് പൊട്ടി വിതറുന്ന അരി ചാക്കുകൾ. ഇതിന്റെ പേരിൽ നഷ്ടം സഹിക്കേണ്ടിവരുന്നത് എൻ.എഫ്.എസ്.എ ഗോഡൗണുകളുടെ ചുമതല വഹിക്കുന്ന ജീവനക്കാരാണ്. നീലേശ്വരം എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് ഇന്നലെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ഗോഡൗണുകളിലേക്ക് അയച്ച പച്ചരി ചാക്കുകൾ മുഴുവൻ പൊട്ടി വിതറുന്ന നിലയിൽ ആയിരുന്നു. ചാക്കുകളിലൊന്നും തൂക്കത്തിന് അനുസരിച്ചുള്ള അരി ഉണ്ടായിരുന്നില്ല.

പഴഞ്ചൻ ചാക്കുകളിൽ അരി നിറയ്ക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡാമേജ് ഉള്ള അരിച്ചാക്കുകൾ തിരിച്ചയക്കുന്നതിന് പകരം ജീവനക്കാരുടെ തലയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നാണ് പരാതി. സപ്ലൈകോ ജീവനക്കാരും ഡിപ്പോയിൽ ഉള്ളവരും പാത്രങ്ങൾ കൊണ്ടുവന്ന് അടിച്ചു വാരിയെടുക്കേണ്ടുന്ന ഗതികേടിലാണ്. അടിച്ചു കൂട്ടുമ്പോൾ കല്ലും മണ്ണും അരിയിൽ കയറുന്നതിനുള്ള സാദ്ധ്യതയും കൂടുതലുമാണ്. നിരവധി തവണ ഡിപ്പോ അധികൃതരോട് ഇക്കാര്യം പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്.