തളിപ്പറമ്പ്: ഡമ്മി വിമാന ടിക്കറ്റ് നൽകി ട്രാവൽസ് ഉടമ വഞ്ചിച്ചതായി പരാതി. തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷജീറാണ് പരിയാരം ചുടലയിലെ ഡോൾഫിൻ ട്രാവൽസ് ഉടമയും കുപ്പം മുക്കുന്ന് സ്വദേശിയുമായ സക്കരിയക്കെതിരെ പരാതി നൽകിയത്. ഷജീറിന്റെ സഹോദരൻ ഷമീറിന്റെ ഭാര്യയും കുടുംബവും ഷാർജയിൽ പോയിരുന്നു. അങ്ങോട്ട് പോകാനും ഇങ്ങോട്ട് വരാനുമുള്ള ടിക്കറ്റ് ഡോൾഫിൻ ട്രാവൽസ് മുഖേനയാണ് എടുത്തത്.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ തിരിച്ച് കണ്ണൂരിലേക്ക് മടങ്ങാൻ ഷാർജ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇങ്ങോട്ടേക്കുള്ള ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. ഇതേത്തുടർന്നാണ് പരിയാരം പൊലീസിൽ പരാതി നൽകിയത്. ഇതേ രീതിയിൽ നിരവധി പേരെ സക്കരിയ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. പൂവ്വം സ്വദേശി, തളിപ്പറമ്പ് അള്ളാംകുളം സ്വദേശി എന്നിവർ തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരും പരാതി നൽകാൻ ഒരുങ്ങുകയാണ്. ഡോൾഫിൻ ട്രാവൽസ് പൂട്ടിയ നിലയിലാണ്.