gonikuppa

തലശേരി: ബംഗ്ളൂരിൽ നിന്നും പാനൂരിലേക്ക് വരികയായിരുന്ന പാനൂർ ഭാസ്‌കര ജ്വല്ലറി ഉടമ ഷബിൻ സഞ്ചരിച്ച കാറിനു മുൻപിൽ മനപൂർവം തങ്ങളുടെ വാഹനം ഉപയോഗിച്ച് അപകടമുണ്ടാക്കി രണ്ടരലക്ഷം രൂപ കവർന്ന കേസിന്റെ അന്വേഷണത്തിനായി കർണാടക പൊലീസ് തലശേരിയിലെത്തി. ഇന്നലെ രാവിലെയാണ് എ.എസ്.ഐ സുബ്രഹ്മണ്യവീക്ഷയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തലശേരിയിലെത്തിയത്.
ഷബിന്റെയും സുഹൃത്തുക്കളുടെയും യാത്ര സംബന്ധിച്ച വിവരങ്ങൾ അക്രമി സംഘത്തിന് ചോർത്തി കൊടുത്തത് പാനൂരിലെ ഒരു ഹോട്ടൽ ജീവനക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ പാനൂർ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാനൂർ മേഖലയിൽ നിന്നും കർണാടകയിലേക്ക് വ്യാപാര ആവശ്യങ്ങൾക്ക് പണവുമായി പോകുന്ന വ്യാപാരികളുടെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ഷബീനെ കൊള്ളയടിക്കാൻ ഉപയോഗിച്ച മൂന്ന് കാറുകൾ തലശേരി, വടകര, തിരൂർ, എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തതാണെന്നു വ്യക്തമായിട്ടുണ്ട്. ഷബിൻ ബംഗ്ളൂരിൽ ഹോട്ടൽ നടത്താനായി മടിവാളയിൽ മുറി നോക്കാൻ പോയി തിരിച്ചുവരുമ്പോഴാണ് ഗോണിക്കുപ്പയിൽ വച്ച് കവർച്ചയ്ക്കിരയായത്. ഇവർ സഞ്ചരിച്ച ആൾട്ടോകാറിൽ പ്രതികൾ വന്ന ഇന്നോവ ഉരസിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. ആൾട്ടോ കാർ തങ്ങളുടെ വാഹനത്തിൽ ഇടിച്ചുവെന്ന് ആരോപിച്ചു ഇന്നോവയിലുണ്ടായിരുന്ന നാലുപേരും പുറകെ ഐ ടെൻ കാറിലെത്തിയ നാലുപേരും ഷബിനെ തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷബിന്റെ സഹോദരൻ ജിതിൻ പാനൂർ സ്വദേശികളും ബിസിനസ് പാർട്ണർമാരുമായ ഇർഷാദ്, മുർഷിദ് എന്നിവരെ കാറിൽ നിന്നും വലിച്ചിറക്കിയ ശേഷം കഞ്ചാവുണ്ടെന്ന് ആരോപിച്ച സംഘം കാർ പരിശോധിച്ച് ഡാഷ് ബോർഡിൽ സൂക്ഷിച്ച പണവുമായി രക്ഷപ്പെടുകയുമായിരുന്നു. പിന്നാലെ ഷബിൻ വീരാജ് പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തലശേരി തിരുവങ്ങാട് സ്വദേശി,കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ്(27), ഷെറിൻലാൽ(30), അർജുൻ(32) ,തിരുവങ്ങാട് സ്വദേശി ലനേഷ്(40) ,ചമ്പാട് സ്വദേശി അക്ഷയ്(27), മാനന്തവാടി തയ്യങ്ങാടി സ്വദേശികളായ ജംഷീർ(29) ,ജിജോ(31), പന്ന്യനൂർ സ്വദേശി ആകാശ്(27) എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്.ഇവർ റിമാൻഡിൽ കഴിയുകയാണ്.