alopathy

നിർദ്ദിഷ്ട സമഗ്രപൊതുജനാരോഗ്യ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ

ഇതര ചികിത്സാ വിഭാഗത്തിനിടയിൽ പ്രതിഷേധം ശക്തമാകുന്നു

കണ്ണൂർ: ആയുർവേദ, ഹോമിയോ തുടങ്ങിയ ഇതര ചികിത്സാ വിഭാഗങ്ങളെ നോക്കുകുത്തിയാക്കി പൊതുജനാരോഗ്യത്തിന്റെ കാര്യം ഇനി അലോപ്പതി നോക്കിയാൽ മതിയെന്നു നിഷ്കർഷിക്കുന്ന മെഡിക്കൽ ബിൽ നിയമസഭാ സമ്മേളനത്തിൽ വരുന്നതിൽ ആശങ്കയും അവ്യക്തതയും ശക്തമാകുന്നു .ബിൽ യാഥാർത്ഥ്യമാകുന്നതോടെ ഇതര ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അടങ്ങുന്ന എഴുപതിനായിരത്തോളം പേർ പെരുവഴിയിലാകുമെന്നാണ് പ്രധാന ആക്ഷേപം. മരുന്ന് മാഫിയയുടെ ഇടപെടൽ ശക്തമാകുന്നതോടെ മെഡിക്കൽ ഫാസിസത്തിന് വഴി തുറക്കുമെന്നാണ് ഇവരുടെ പരാതി.

ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. 25 സാംക്രമിക രോഗങ്ങളും 11 ജീവിതശൈലീ രോഗങ്ങളും ചികിത്സിക്കാൻ അലോപ്പതിക്ക് മാത്രമാണ് ഈ ബില്ലിൽ അധികാരമുള്ളത്. ഈ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കുറ്റം ചെയ്യുന്നവർക്കുള്ള ശിക്ഷാ നിർദേശങ്ങൾ തികച്ചും അശാസ്ത്രീയമായ പിഴ ചുമത്തൽ എന്ന സമ്പ്രദായത്തിലേക്ക് നീങ്ങുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക.

ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ സെലക്റ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള സംസ്ഥാനത്തെ മുഴുവൻ എം.എൽ.എ മാരെയും നേരിൽ കണ്ട് ബില്ലിന്റെ എല്ലാ വശങ്ങളും ബോദ്ധ്യപ്പെടുത്തി വരികയാണ്.ഓരോ ത്രിതല പ‌ഞ്ചായത്തിലെയും ആവശ്യങ്ങൾ പഠിച്ച് അതിനനുസരിച്ച് അവിടെയുണ്ടാകുന്ന സാംക്രമിക, അസാംക്രമിക രോഗങ്ങളെ കുറിച്ചും അവയുടെ പ്രതിരോധം, ചികിത്സ ഇവയെ കുറിച്ചും ചർച്ച ചെയ്തു പദ്ധതികൾ തയ്യാറാക്കുന്ന പ്രകിയയിൽ തങ്ങളെ കൂടി പങ്കാളികളാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ആയുഷിനു കീഴിൽ

ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ, നാച്ച്യുറോപ്പതി, അക്യുപങ്‌ചർ, സുജോക്ക്

ഇതര വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ

ആയുർവ്വേദം- 27000

ഹോമിയോ- 20000

സിദ്ധ, യുനാനി- 5000

ഇരുവിഭാഗങ്ങളിലുമായി വിദ്യാർത്ഥികൾ -20000

വരുന്നത് കേന്ദ്രീകൃത മെഡിക്കൽ സംവിധാനം

നിയമം നടപ്പിലാകുന്നതോടെ ഏകീകൃത മെഡിക്കൽ സംവിധാനത്തിൽ നിന്നു കേന്ദ്രീകൃത മെഡിക്കൽ സംവിധാനത്തിലേക്ക് മാറും.പകർച്ച വ്യാധി മാറിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് മാത്രമാണെന്ന് മുപ്പത്തിയെട്ടാം ഷെഡ്യൂൾ പറയുന്നു.പകർച്ച വ്യാധികളിൽ അതത് സമയം സംസ്ഥാന അധികാരി പ്രഖ്യാപിക്കുന്ന പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ അലോപ്പതിക്കാർക്ക് മാത്രമായിരിക്കുമെന്നും നിയമം പറയുന്നു.

ഗവേഷണത്തിനു പോലും സാദ്ധ്യതയില്ലാതാക്കുന്നതാണ് പുതിയ ബില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

അതുകൊണ്ടു തന്നെ പുതുതായി ഈ രംഗത്ത് കടന്നുവരുന്നവർക്കും ബിൽ കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ഡോ.കെ.സി. അജിത് കുമാർ, ജനറൽ സെക്രട്ടറി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ

നിർദ്ദിഷ്ട ബിൽ എല്ലാ വിഭാഗം ചികിത്സാ രീതികളെയും പരിഗണിക്കുന്നതും പ്രതിനിധീകരിക്കുന്നതുമായിരിക്കണം.പൊതുസമൂഹത്തിനും ആരോഗ്യരംഗത്തിനും ഒരു പ്രത്യേകതരം ചികിത്സ മാത്രം അടിച്ചേൽപ്പിക്കുന്നത് സ്വേച്ഛാധിപത്യ പ്രവണതയാണ്.

ഡോ. എ. ഇസ്മയിൽ സേട്ട് , സംസ്ഥാന പ്രസിഡന്റ്, ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി