മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 90 ലക്ഷത്തിന്റെ സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് അറസ്റ്റു ചെയ്തു. വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ എയർ കസ്റ്റംസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണം പിടികൂടിയത്. കോഴിക്കോട് കായക്കുടി സ്വദേശിയായ അബ്ദുറഹിമാനിൽ നിന്നാണ് സ്വർണം പിടിച്ചത്. മസ്‌കറ്റിൽ നിന്ന് കണ്ണൂരിൽ ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഇയാൾ.
1980 ഗ്രാം ഭാരമുള്ള രണ്ട് പോളിത്തീൻ പാക്കറ്റുകൾ ഇയാളുടെ കാൽമുട്ടിന് താഴെയായി കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെയും ഫോൺവിവരങ്ങളുടെയും അടിസ്ഥാനത്തിൽ വടകരയിലെ ഹമീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഡെപ്യൂട്ടി കമ്മിഷണർ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ ബേബി.വി.പി, മുരളി.പി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, വുമൺ സെർച്ചർ ശിശിര, അസിസ്റ്റന്റുമാരായ ഹരീഷ്, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.