കാസർകോട്: അരവത്ത് പാടശേഖരത്തിൽ രണ്ടു വർഷത്തെ കൊവിഡ് ഇടവേളക്കുശേഷം 26 ന് നാട്ടി കാർഷിക മഹോത്സവം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അരവത്തെ 200 ഏക്കർ പാടശേഖരത്തിൽ പുലരി ക്ലബ് ആണ് അഞ്ചാമത് കാർഷികോത്സവം സംഘടിപ്പിക്കുന്നത്.
പള്ളിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും യുവജനക്ഷേമ ബോർഡും പങ്കാളികളാകും. തനത് കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്ക് ഈ വർഷം മുതൽ പുലരി വിത്താൾ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിത്താൾ ജന്തുജനുസ്സ് പുരസ്കാരം അമ്പലത്തറയിൽ കപില ഗോശാല നടത്തുന്ന പി.കെ ലാലിനും സസ്യജനുസ്സ് പുരസ്കാരം നെട്ടണിഗെ സ്വദേശി നെൽവിത്തു സംരക്ഷകനായ സത്യനാരായണ ബലേരിക്കും നൽകും. നാട്ടിയോടനുബന്ധിച്ച് കുടുംബശ്രീ ചക്ക മഹോത്സവവും സംഘടിപ്പിക്കും.
രാവിലെ 10ന് കാർഷിക കമ്പളം ബേക്കൽ ഡിവൈ.എസ്.പി പി.കെ സുനിൽ കുമാർ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ചളിക്കണ്ടത്തിൽ വടംവലി, വോളിബോൾ, ഷട്ടിൽ റിലേ തുടങ്ങിയ കായികമത്സരങ്ങൾ നടക്കും. 12 ന് നാട്ടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിക്കും. നാട്ടി ചെയർമാൻ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സ്കൂൾ, കോളേജേ് വിദ്യാർത്ഥികൾ അടക്കമുള്ളവർ ചേർന്ന് വിവിധ കണ്ടങ്ങളിൽ ഞാറു നടും. ഉച്ചയ്ക്ക് നാടൻ കുത്തരി കഞ്ഞിയും 101 തരം പരമ്പരാഗത ചമ്മന്തിയും അടങ്ങുന്ന ഉച്ചഭക്ഷണം നൽകും.
വാർത്താസമ്മേളനത്തിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കുമാരൻ, ജനറൽ കൺവീനർ എ.കെ ജയപ്രകാശ്, എൻ.പി ജയകൃഷ്ണൻ, കെ. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.