
കണ്ണൂർ :സംസ്ഥാന സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്റെ അക്കാഡമിക പഠന ഗവേഷണ മികവ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക പദ്ധതി പ്രകാരം കണ്ണൂർ സർവകലാശാലയ്ക്ക് 1.25കോടിയുടെ സഹായം ലഭിച്ചു. മനുഷ്യശരീരത്തിൽ കട്ടപിടിക്കുന്ന രക്തത്തെ അലിയിച്ചു കളയുന്നതിനുള്ള സുരക്ഷിതവും മികവാർന്നതുമായ ഔഷധം സൂക്ഷ്മ ജീവികളിൽനിന്ന് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പദ്ധതിക്കാണ് ധനസഹായം.
ധമനികളിൽ ചെറിയ രക്ത കട്ടകൾ രൂപപ്പെടുന്നതുമൂലം ഉണ്ടാകുന്ന ഹൃദയാഘാതം, മസ്തിഷ്‌ക്കാഘാതം എന്നിവയുടെ ചികിത്സയിൽ വലിയ മുന്നറ്റം കൈവരിക്കാൻ ഈ ഗവേഷണ പദ്ധതിയിലൂടെ സാധിക്കും. കണ്ണൂർ സർവ്വകലാശാലയിലെ ബയോടെക്‌നോളജി/ മൈക്രോബയോളജി വിഭാഗം പ്രൊഫസറും സർവകലാശാല പ്രോവൈസ് ചാൻസലറുമായ ഡോ. സാബുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഗവേഷണ പദ്ധതിയാണ് അംഗീകരിക്കപ്പെട്ടത്.