കാഞ്ഞങ്ങാട്: ട്രിപ്പുകൾ കട്ട് ചെയ്ത് യാത്രക്കാരെ പെരുവഴിയിലാക്കുന്ന സ്വകാര്യബസുകൾക്കെതിരെ കടുത്ത നടപടികളുമായി ഗതാഗത വകുപ്പ്. ഇതു കണ്ടുപിടിക്കാനായി വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗം സ്വകാര്യ ബസുകളെ നിരീക്ഷിക്കുന്നുണ്ടെന്ന് കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.

വൈകുന്നേരവും രാത്രി സമയങ്ങളിലുമാണ് സ്വകാര്യ ബസുകൾ ട്രിപ്പുകൾ മുടക്കുന്നത്. അവധി ദിവസങ്ങളിലും ഇതാവർത്തിക്കും. ബസ് കാത്ത് മണിക്കൂറുകളോളം നിന്നശേഷം യാത്രക്കാർ മറ്റ് വാഹനങ്ങൾ തേടിപ്പോകേണ്ട സാഹചര്യമാണ് പലപ്പോഴും. നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കിഴക്കൻ മേഖലകളിലേക്കുള്ള നിരവധി ബസുകളാണ് ട്രിപ്പുകൾ മുടക്കുന്നത്. കിഴക്കൻ മേഖലയിലേക്കുള്ള ബോർഡ് വെച്ച് പോകുന്ന ബസുകൾ കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട് നീലേശ്വരത്ത് ഓട്ടം അവസാനിപ്പിക്കുകയാണ്.
കാഞ്ഞങ്ങാട്ട് തന്നെ ഞായറാഴ്ചകളിൽ പെർമിറ്റുള്ള പകുതിയോളം ബസുകൾ ഓടാത്ത സാഹചര്യമുണ്ട്. ജില്ലാ ആശുപത്രിയിലേക്ക് ഉൾപ്പെടെ ഓട്ടോകളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.


സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലാണ് മുന്നോട്ടുപോകുന്നത്. തന്റെ അഞ്ചു ബസുകളും നഷ്ടം സഹിച്ചും ഞായറാഴ്ചകളിൽ വരെ ഓടുന്നുണ്ട്.

സ്വകാര്യ ബസ് ഉടമ എ.വി. പ്രദീപ് കുമാർ