കണ്ണൂർ: റെയിൽവേ ടി.ടി.ഇ ചമഞ്ഞ് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. ഇരിട്ടി ചരൾ സ്വദേശി ബിനിഷാ ഐസക്കിനെ (27)യാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് കണ്ണൂർ റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തത്.
ടി.ടി.ഇ ആണെന്ന് പറഞ്ഞുകൊണ്ട് റെയിൽവേയിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്യുകയും വിവിധ ഘട്ടങ്ങളിലായി ഓരോ ആളിൽ നിന്നും ഒരുലക്ഷവും അതിലധികവും രൂപ ഈടാക്കുകയായിരുന്നു. തട്ടിപ്പ് തോന്നാതിരിക്കാൻ പണം വിവിധ ആവശ്യങ്ങൾ പറഞ്ഞു ഗഡുക്കളായാണ് വാങ്ങിയത്. ടി.ടി.ഇയുടെ യൂണിഫോം ധരിച്ച ഫോട്ടോയും വ്യാജതിരിച്ചറിയൽ കാർഡും ഇവരുടെ കൈയിലുണ്ട്.
കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിൽ നേരത്തെ വിദ്യാർത്ഥിയായിരുന്നുവെന്ന് പറയുന്നു. പത്താംക്ലാസാണ് വിദ്യാഭ്യാസം. കണ്ണൂർ, കുറ്റിയാടി സ്വദേശികളായ ആറുപേർ തട്ടിപ്പിനിരയായതായി പരാതി നൽകിയിരുന്നു. ഫേസ്ബുക്ക് പരിശോധിച്ചപ്പോൾ 20തിലധികം പേരെ പറ്റിച്ചതായി അറിയുന്നുണ്ട്.