കാഞ്ഞങ്ങാട് : അത്തിക്കോത്ത് രാജന്റെയും പാർവ്വതിയുടെയും ഏക മകൻ ശ്രീരാജ് (8) യാത്രയായത് എൻഡോസൾഫാൻ പട്ടികയിൽ ഇടം കിട്ടാതെ. 2017ലെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തെങ്കിലും കുട്ടിയെ ദുരിതബാധിതരുടെ പട്ടികയിൽ പെട്ടില്ല. ഇതിനാൽ വിദഗ്ധ ചികിത്സയും ലഭിച്ചില്ല.
സന്നദ്ധ സംഘടനകളാണ് കുടുംബത്തിന് ആശ്വാസമായി എത്തിയത്. ഏറ്റവുമൊടുവിൽ മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ റിട്ട.അദ്ധ്യാപിക ശ്യാമളയുടെ നേതൃത്വത്തിലാണ് ശ്രീരാജിന് അടച്ചുറപ്പുള്ള വീട് യാഥാർത്ഥ്യമാക്കിയത്. ഒരാഴ്ച മുമ്പാണ് വീട്ടിൽ ഗൃഹപ്രവേശം നടന്നത്.
ശ്രീരാജിന്റെ മരണം മതിയായ ചികിത്സ കിട്ടാത്തതു കൊണ്ടാണെന്ന് പരാതിപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാന്തോപ്പ് മൈതാനിയിൽ നിന്നു ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. യോഗത്തിൽ ഫൈസൽ ചേരക്കാടത്ത് അദ്ധ്യക്ഷത വഹിച്ചു, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അബ്ദുൽ ഖയ്യൂം എന്നിവർ പ്രസംഗിച്ചു. മുരളിധരൻ പടന്നക്കാട് സ്വാഗതവും ലിസി കൊടവലം നന്ദിയും പറഞ്ഞു. റാഷിത കള്ളാർ, ഗീതാമ്മ നീലേശ്വരം, പത്മരാജൻ ഐങ്ങോത്ത്, സമീർ ഡിസൈൻ എന്നിവരും നേതൃത്വം നൽകി.