തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 15 ലക്ഷം രൂപയുടെ നഷ്ടം. അഗ്നിശമനസേനയുടെ കഠിനപരിശ്രമത്തിലൂടെ തൊട്ടടുത്ത കടകളിലേക്കും പെട്രോൾ ബങ്കിലേക്കും തീ പിടിക്കുന്നത് തടഞ്ഞത് കൂടുതൽ നാശനഷ്ടം ഒഴിവാക്കി. സഹോദരങ്ങളായ ഷഹിൻ കാസിം, ഷെബിൻ കാസിം എന്നിവരുടേതാണ് ഹോട്ടൽ.

മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് ബേക്സ് ആൻഡ് ഡ്രിംഗ്സ് ഹോട്ടലിൽ പാചകം നടക്കുന്നതിനിടെ തീ പിടിച്ചു കത്തി നശിക്കുകയായിരുന്നു. നിമിഷ നേരത്തിനകം ആളിപടർന്ന തീയിൽ ഹോട്ടലിനകത്തെ ബർണറുകളും ഫർണീച്ചറുകളും ഉൾപ്പെടെ കത്തിച്ചാമ്പലായി. തീച്ചൂടിൽ തൊട്ടുള്ള മെഡിക്കൽ ഷോപ്പിന്റെ ബോർഡ് നശിച്ചു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്ന് മൂന്നും പാനൂരിൽ നിന്നും ഒന്നും അഗ്നിശമന സേന യൂണിറ്റ് ഒന്നേകാൽ മണിക്കൂർ നേരം കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. നിറച്ചതും ഒഴിഞ്ഞതുമായ 18 ഗ്യാസ് സിലിണ്ടറുകൾ ഹോട്ടലിനകത്ത് ഉണ്ടായതായി അഗ്നിശമന സേന അന്വേഷണത്തിൽ കണ്ടെത്തി അപകടം ഒഴിവാക്കി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിനേശ്, പാനൂരിൽ നിന്നും ദീപു കുമാർ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ നിരൂപ്, സുബീഷ് പ്രേം, റെനീഷ്, അജീഷ്, മിഥുൻ രാജ്, രാഹുൽ, പ്രേംലാൽ, പുരുഷോത്തമൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.