പട്ടുവം: പട്ടുവത്തെ നാട്ടിപാടത്ത് ബംഗാളികൾ കരകയറിയ ഒഴിവിൽ തമിഴ്നാട്ടുകാരുടെ ആരവം.
കണ്ണൂർ ചൊവ്വയിൽ ക്യാമ്പ് ചെയ്താണ് തമിഴ് തൊഴിലാളികൾ ജില്ലയിലെ നെൽക്കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ തൊഴിൽ തേടിയെത്തുന്നത്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ട ചെറുഗ്രൂപ്പുകളായാണ് ഇവർ ഞാറ്റടി വരമ്പിലെത്തുന്നത്. ഓരോ ഗ്രൂപ്പിനും ഓരോ പേരുകളും നല്കും.
മംഗലശ്ശേരി പാടത്ത് ഇറങ്ങിയിരിക്കുന്നത് മുരുകൻ ഗ്രൂപ്പാണ്. സംഘത്തിൽ ഏഴു സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്. ഒരേക്കർ ഞാറു പറിച്ചുനട്ടു തീർക്കാൻ ഏഴായിരം രൂപ കൂലി കരാർ ഉറപ്പിച്ചാണ് ഇവരെത്തിയിരിക്കുന്നത്. ഇവരുടെ മൊബൈലിൽ വിളിച്ചു ഗ്രൂപ്പുകളെ ബുക്ക് ചെയ്യാം. കൂലി കരാറായി കഴിഞ്ഞാലേ സംഘം പാടത്തിറങ്ങൂ.
തമിഴ്നാട്ടിലെ സേലം, മധുര, തഞ്ചാവൂർ തുടങ്ങിയ കാർഷിക മേഖലയിലെ നാട്ടിപ്പണി തീർന്ന ഇടവേളയിലാണ് ഇവർ കേരളത്തിലേക്ക് കടന്നത്. ഇന്നാട്ടിലെ തൊഴിലാളി ക്ഷാമം കണ്ടുകൊണ്ടാണ് ഇവരുടെ കുടിയേറ്റം. ട്രാക്ടർ അടിച്ചുമയപ്പെടുത്തിയ തമിഴ്നാട്ടിലെ കൃഷിഭൂമിയാണ് എന്നാൽ ഇവർക്ക് ജോലി ചെയ്യാൻ എളുപ്പമത്രെ. ട്രില്ലർ അടിച്ചവയലിൽ ഇവർക്ക് അത്ര എളുപ്പമല്ലെങ്കിലും കഠിനാദ്ധ്വാനത്തിലൂടെ അവർ എല്ലാം മറികടക്കുന്നു.
കഴിഞ്ഞവർഷം വരെ മംഗലശ്ശേരി വയലിൽ തരിശുണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം സ്ഥിതി മറിച്ചാണ്. ഏക്കർ കണക്കിന് വയലുകൾ തരിശായിക്കിടക്കുന്നു. പാടത്ത് തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാൻ നാട്ടിപ്പണി, കൊയ്തു, ഉഴുന്നു വിളവെടുപ്പ് സീസണുകളിൽ തൊഴിലുറപ്പ് പാടില്ലെന്ന് നേരത്തെ പഞ്ചായത്ത് തീരുമാനമെടുത്തതാണ്. എന്നാൽ ഇതു നടപ്പിൽവരുത്താൻ തീരുമാനമെടുത്തവർക്കായില്ലെന്ന ആക്ഷേപമുണ്ട്.
പട്ടുവത്തെ പാടങ്ങളിൽ പ്ളാസ്റ്റിക് ഭീഷണിയും ഗുരുതരമാവുകയാണ്. തൊഴിലാളികൾക്ക് ഭക്ഷണം പ്ളാസ്റ്റികിൽ പൊതിഞ്ഞു വിതരണം ചെയ്തുതുടങ്ങിയതോടെ ഈ മാലിന്യം പാടത്ത് നിറയുന്ന സ്ഥിതിയാണ്. പാതയോരങ്ങളിലും പൊതുയിടങ്ങളിലും പ്ളാസ്റ്റിക് ശേഖരിക്കാൻ ഇടങ്ങൾ കണ്ടെത്തുന്നവർ ഇക്കാര്യം ശ്രദ്ധിക്കുന്നുമില്ല.