ഇരിട്ടി: പുതിയ പാലം വന്നതോടെ ആരും തിരിഞ്ഞുനോക്കാതെ അപകടാവസ്ഥയിലായ പഴയപാലം ഇരിട്ടിയിലെ ഓട്ടോ തൊഴിലാളികൾ ശുചീകരിച്ചു. രാഷ്ട്രീയവും യൂണിയനുകളും നോക്കാതെ ഒന്നിച്ചെത്തിയാണ് ഓട്ടോ തൊഴിലാളികൾ ശുചീകരണത്തിനിറങ്ങിയത്.
മഴയിൽ വെള്ളം ഒഴുകിപ്പോകുന്നതിനായി തീർത്തപാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഓവുകൾ അടഞ്ഞ് ചെളിവെള്ളം കെട്ടിനിന്നും കാടുകൾ വളർന്നും കാൽനടയാത്രക്കാർക്കും വാനഹങ്ങൾക്കും കടന്നുപോകാൻ വയ്യാത്തവിധം അപകടാവസ്ഥയിലായിരുന്നു.
പുതിയപാലം വന്നതോടെ ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഇപ്പോഴും പഴയപാലം വഴിയാണ് കടന്നുപോകുന്നത്. ടൗണിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്. തന്തോട്, പെരുമ്പറമ്പ് ഭാഗങ്ങളിലെ കാൽനടയാത്രികർ ഇരിട്ടിയിലേക്കും തിരിച്ചും പോകാൻ ഉപയോഗിക്കുന്നതും ഈ പാലമാണ്.
പഴക്കം 9 പതിറ്റാണ്ട്
ഒൻപത് പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്ന ഇരിട്ടി പഴയപാലം സംരക്ഷിക്കാൻ ആളില്ലാതെ ഇന്ന് അപകടാവസ്ഥയിലാണ്. പുതിയപാലം പ്രാവർത്തികമാകുന്നതോടെ ഇരിട്ടിയുടെ മുഖമുദ്രയായ പഴയപാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പൊതുമരാമത്തു വകുപ്പും കെ.എസ്.ടി.പിയും പറഞ്ഞിരുന്നുവെങ്കിലും ഇതെല്ലാം പാഴ്‌വാക്കായ അവസ്ഥയിലാണ്.
വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതു മൂലം പാലത്തിന്റെ ഇരുമ്പുപാളികളെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. പാലത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് മേലാപ്പുകളിൽ പലതും പൊട്ടിത്തകർന്ന നിലയിലുമാണ്. എത്രയും പെട്ടെന്ന് ഇത് സംരക്ഷിക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ 1933 ൽ ബ്രിട്ടീഷുകാർ പണിത ഈ ചരിത്ര നിർമ്മിതി ഓർമ്മമാത്രമാകാനാണിട.