കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് - മാലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടയിൽ - കുണ്ടേരിപൊയിൽ പാലത്തിന് ഭരണാനുമതിയായി. 4.94 കോടി രൂപ ചിലവിലാണ് കണ്ണവം പുഴക്ക് കുറകെ പാലം നിർമ്മിക്കുക. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിനെയും മാലൂർ പഞ്ചായത്തിലെ പത്താം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.

കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് 80 വർഷത്തെ പഴക്കമുണ്ട്. ഇരുപത് മീറ്റർ വീതിയിൽ ആഴമേറിയ പുഴയ്ക്ക് കുറുകെ നിലവിലുള്ള ഒന്നര മീറ്റർ വീതിയുള്ള കോൺക്രീറ്റ് നടപ്പാലമാണ് പുഴകടക്കാനുള്ള നാട്ടുകാരുടെ ഏക ആശ്രയം. കാലവർഷത്തിൽ പുഴ കരകവിഞ്ഞ് ഒഴുകുമ്പോൾ ഇതുവഴി യാത്ര ചെയ്യാനും കഴിയാറില്ല. 50 വർഷം മുമ്പ് നിർമ്മിച്ച നടപ്പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും മാത്രമാണ് നടപ്പാലം വഴി കടന്നുപോകുന്നത്. പുഴയുടെ ഇരുകരകളിലും ടാർ റോഡും ബസ് സർവീസും നിലവിലുണ്ട്. എന്നാൽ ഇരുകരകളിലും ഉള്ളവർക്ക് വാഹനത്തിൽ പുഴയുടെ മറുകരയിൽ എത്താൻ നിലവിൽ ആറുകിലോമീറ്റർ ദൂരം ചുറ്റി സഞ്ചരിക്കണം. പാലം യാഥാർത്ഥ്യമാകുന്നതോടെ ചിറ്റാരിപ്പറമ്പിൽ നിന്ന് മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ, കൊട്ടിയൂർ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.