കണ്ണൂർ: കൊവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവീസുകൾ പുനസ്ഥാപിക്കാൻ കെ.എസ് .ആർ. ടി .സി തീരുമാനം. ജില്ലാ വികസന സമിതി യോഗത്തിൽ ഇതുസംബന്ധിച്ച് എം.എൽ.എമാരുടെ ചോദ്യത്തിന് മറുപടിയായി കണ്ണൂർ ഡി.ടി.ഒയാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ -കണ്ണൂ‌ർ എക്സിക്യുട്ടീവ് ,തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ് പ്രസുകൾക്ക് കണക്ഷനായി ​ കാഞ്ഞങ്ങാട്,​ കാസർകോട്(പഴയങ്ങാടി വഴി)​,​ പയ്യന്നൂർ,​ ആലക്കോട് ഭാഗങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ അടിയന്തിരമായും പുനസ്ഥാപിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി യൂണിറ്റുകളിൽ നിന്നും വരുമാനം ലഭിക്കുന്ന സർവ്വീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കെ .എസ്. ആർ. ടി .സി യോഗത്തെ അറിയിച്ചു.സ്വകാര്യ ബസുകൾക്ക് ഉൾനാടൻ സർവീസുകൾ ആരംഭിക്കാൻ റൂട്ട് പെർമിറ്റുകൾ അനുവദിക്കുന്നത് തീരുമാനിക്കാൻ ആർ.ടി.ഒക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. വിദ്യാർത്ഥികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാപ്രശ്‌നം പരിഗണിച്ചാണിത്.ദേശീയപാതയിലെ സർവീസ് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചതിനാൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ. എമാരായ കെ.പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, തുടങ്ങിയവർ പങ്കെടുത്തു. 

മറ്റ് തീരുമാനങ്ങൾ

 പിലാത്തറ- പാപ്പിനിശ്ശേരി റോഡിലെ സോളാർ ലൈറ്റ് അറ്റകുറ്റപ്പണി ഉടൻ

ചെറുപുഴ വനാതിർത്തിയിൽ ഫെൻസിംഗ് അറ്റകുറ്റപ്പണി ഉടൻ

അവലോകന യോഗങ്ങളിൽ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കണം