കാഞ്ഞങ്ങാട്: ആശ്രയമില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തണലൊരുക്കി കുടുംബശ്രീയുടെ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്. അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക താമസ കേന്ദ്രമായാണ് സ്‌നേഹിത പ്രവർത്തിക്കുന്നത്.

നിർബന്ധിത സാഹചര്യത്തിൽ ഒറ്റപ്പെടേണ്ടിവരുന്നവർ, സംശയാസ്പദമായി ഒറ്റപ്പെട്ട സാഹചര്യത്തിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും തുടങ്ങിയവർക്കാണ് സ്‌നേഹിത തണലൊരുക്കുന്നത്. മുത്തപ്പനാർ കാവിലാണ് സ്‌നേഹിതയുടെ ജില്ലാ ഓഫീസ്. സ്‌നേഹിതയുടെ സബ് സെന്ററുകളായി 38 ജെൻഡർ റിസോസ് സെന്ററുകളുമുണ്ട്.

മൂന്ന് ദിവസത്തെ സുരക്ഷിത താമസവും അടിസ്ഥാന സൗകര്യങ്ങളുമാണ് സ്‌നേഹിത സജ്ജമാക്കുന്നത്. അഭയകേന്ദ്രത്തിൽ താമസിച്ച് തിരിച്ചു പോയാലും ഇവർക്കാവശ്യമായ സഹായം നൽകുകയും വരുമാനദായക പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. രണ്ട് കൗൺസിലർമാരും അഞ്ച് സേവന ദാതാക്കളും രണ്ട് സെക്യൂരിറ്റി ജീവനക്കാരും കെയർടേക്കർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരും 13 കമ്മ്യൂണിറ്റി കൗൺസിലർമാരും സ്‌നേഹിതയുടെ ഭാഗമായി പ്രവർത്തിക്കുന്നു. നിയമം, പൊലീസ്, സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും മറ്റു സർക്കാർ, സർക്കാരിതര വകുപ്പുകൾ, എജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ആവശ്യക്കാർക്ക് സ്‌നേഹിത പിന്തുണ നൽകുന്നത്.

അയൽക്കൂട്ടത്തിലെ പ്രശ്ന പരിഹാര സംവിധാനമായും സ്‌നേഹിത പ്രവർത്തിക്കുന്നു. വാർഡ് തലത്തിൽ വിജിലന്റ് ഗ്രൂപ്പുകൾ, പഞ്ചായത്ത് തലത്തിൽ ജെൻഡർ കോർണറുകൾ, ബ്ലോക്ക് തലത്തിൽ കമ്യൂണിറ്റി കൗൺസലിംഗ് സെന്റർ, ജെൻഡർ റിസോഴ്സ് സെന്റർ എന്നിങ്ങനെയാണ് സംവിധാനം. ഒറ്റപ്പെട്ടുപോവുന്നവർക്ക് 0467 2201205, ടോൾ ഫ്രീ നമ്പറായ 1800 4250716 ബന്ധപ്പെടാം.

1773 കേസുകൾ

ഇതിനകം 1773 കേസുകൾരജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌നേഹിത ഹെൽപ് ഡെസ്‌കുകളിൽ നേരിട്ടും ഫോൺ വഴിയും കേസുകൾ രജിസ്റ്റർ ചെയ്യും. രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർ സഹായവും ലഭ്യമാകും.

പ്രധാന പ്രവർത്തനങ്ങൾ

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ ആറു വരെ വക്കീലിന്റെ സഹായത്തോടെ ലീഗൽ ക്ലീനിക്.

കുട്ടികൾക്കിടയിൽ ജൻഡർ അവബോധം സൃഷ്ടിക്കാൻ സ്‌നേഹിത '@സ്‌കൂൾ' പദ്ധതി.

ജയിൽ അന്തേവാസികൾക്കായി 'നേർവഴി'
ലിംഗ തുല്യതയ്ക്കായി കോളേജുകളിൽ ജെൻഡർ ക്ലബ്ബുകൾ.

കാഞ്ഞങ്ങാട് മുത്തപ്പനാർകാവിൽ പ്രവർത്തിക്കുന്ന സ്‌നേഹിതയുടെ ഓഫീസ്‌