നീലേശ്വരം: കേബിൾ സ്ഥാപിക്കാനായി കുഴിച്ച കുഴികൾ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ അപകട ഭീഷണി ഉയർത്തുന്നു. രാജാ റോഡ് കനറാ ബാങ്ക് വളവിലും മേൽപ്പാലത്തിന് താഴെയുമാണ് കുഴികൾ ഉള്ളത്. കുഴിയിൽ മണ്ണിട്ട് വടികുത്തി വ്യാപാരികൾ അപകട മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വകാര്യ കമ്പനിയുടെ കേബിൾ വലിക്കാനാണ് കുഴി നിർമ്മിച്ചത്. എന്നാൽ കേബിൾ സ്ഥാപിച്ച ശേഷം കുഴി ശരിക്കും മൂടാതെ പോയി.

മഴ കൂടി എത്തിയതോടെ കുഴി നികത്തിയത് താഴ്ന്ന് പോകുകയായിരുന്നു. വാഹനങ്ങൾ കൂടുതൽ പോകുന്ന റോഡും വളവും ആയതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. രാജാസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഉൾപെടെ നൂറ് കണക്കിന് ആളുകൾ നടന്ന് പോകുന്ന വഴിയിലാണ് ഈ അപകട കുഴി ഉള്ളത്. നിരവധി പേർ കുഴിയിൽ വീണതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു. വ്യാപാരികൾ നഗരസഭ അധികൃതരെ അറിയിച്ചുവെങ്കിലും പരിഹാരം കാണാൻ തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.

റോഡിന് ചേർന്ന് തന്നെയാണ് കുഴികൾ ഉള്ളത്. നീലേശ്വരം മേൽപ്പാലത്തിന്റെ താഴെയും കേബിൾ സ്ഥാപിക്കുവാൻ കുഴിച്ചത് മൂടാത്തതിനാൽ ചെത്ത് കല്ലിട്ട് മൂടിയിരിക്കുകയാണ്.

എവിടെയും എത്താതെ

റോഡ് വീതി കൂട്ടൽ

നാലു വർഷം മുമ്പ് രാജാ റോഡ് 14 മീറ്റർ വീതി കൂട്ടാൻ അളന്ന് തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും ഇതുവരെ തുടർ നടപടിയൊന്നുമായിട്ടില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിഞ്ഞ ആഴ്ചയും അധികൃതർ റോഡ് അളന്ന് മാർക്ക് ചെയ്തിരുന്നു. മഴക്കാലം വന്നതോടെ റോഡിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ കാൽനടയാത്രയും ദുസ്സഹമായിരിക്കുകയാണ്.