
കണ്ണൂർ: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടി. ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും പെരുകി. മുപ്പതിനായിരത്തോളം പേരാണ് ഇതുവരെ പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഒ.പികളിൽ പനി ബാധിച്ച് ചികിത്സ തേടാനെത്തുന്നവരുടെ എണ്ണം കൂടിയിരുന്നു.
കുട്ടികളിൽ മാരകമായ തക്കാളിപനി പോലുള്ള പകർച്ചവ്യാധികളും വ്യാപകമാണ്. മലയോരത്താണ് ഈ രോഗം കൂടുതലായി കാണുന്നത്. കുട്ടികളുടെ കൈ വെള്ളയിലും വായക്കകത്തും മറ്റും ചുവന്ന കുരുക്കളും തടിപ്പുകളും പ്രത്യക്ഷപ്പെടുന്നതാണ് രോഗ ലക്ഷണം. പനി, ക്ഷീണം ,ഛർദ്ദി, സന്ധി വേദന എന്നിവയെല്ലാമാണ് ഇവയുടെ രോഗ ലക്ഷണങ്ങളാണ്.
കഴിഞ്ഞമാസത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പനിബാധിതരുടെ എണ്ണം കൂടുന്നതായാണ് സൂചന. അതേസമയം മഴക്കാലത്തെ പകർച്ചപ്പനിയെ നേരിടാൻ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡങ്കിപ്പനി വ്യാപനവും
20 കേസുകൾ ഡെങ്കിയെന്ന് സ്ഥിരീകരിച്ചു.ഡങ്കി ലക്ഷണങ്ങളോടെ 90 പേരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മേയിൽ 76 ലക്ഷണമുള്ള കേസുകളും എട്ട് സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ 20 കേസുകളാണ് ഡെങ്കി ലക്ഷണമുള്ളതായി റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ കീഴ്പ്പള്ളി, ചിറ്റാരിപ്പറമ്പ്, കോളയാട്, ആലക്കോട് തേർത്തല്ലി തുടങ്ങി മേഖലകളിലാണ് ഡെങ്കി റിപ്പോർട്ട് ചെയ്യുന്നത്. ഈ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ വെക്ടർ കൺട്രോൾ യൂണിറ്റ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.
പ്രതിമാസകണക്ക്
ജൂൺ 30000
മേയിൽ 20,649
ഏപ്രിൽ 15,042
മാർച്ച് 16,533
ഫെബ്രുവരി 26,149
ജനുവരി 39,487.
പനി ബാധിച്ച് സ്വയം ചികിത്സ നേടുന്നവരുടെ എണ്ണം കൂടുന്നഅവസ്ഥയാണ്. ഇത് രോഗികളെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുക. രണ്ട് ദിവസം തുടർച്ചയായി പനിച്ചാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിർബന്ധമായും ചികിത്സ തേടണം. ഡങ്കിപ്പനി, എലിപ്പനി എന്നി പരിശോധനയിലുടെ മാത്രമേ വ്യക്തമാകു.പനി തടയാൻ കടുത്ത ജാഗ്രത വേണം-ഡോ.ബി. നാരായണ നായ്ക് , ജില്ലാ മെഡിക്കൽ ഓഫീസർ, കണ്ണൂർ