കൂത്തുപറമ്പ്: നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നിർത്തിയിട്ട ബൈക്കിൽ പാമ്പ്. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെ പാമ്പിനെ കണ്ടത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം പ്രധാനപാതയിൽ നിർത്തിയിട്ട ബൈക്കിൽ ഡ്രൈനേജിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് കയറി കൂടുകയായിരുന്നു എന്നാണ് കരുതുന്നത്. ഫുട്പാത്തിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയാണ് പാമ്പ് കയറുന്നത് കണ്ടത്.
ബൈക്കുടമ പ്രശാന്ത് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും ടാങ്ക് കവറിനുള്ളിൽ കടന്ന പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് കൊട്ടിയൂർ ഫോറസ്റ്റ് റസ്ക്യൂ ടീം അംഗവും മലബാർ എവർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തനുമായ ഷംസീർ കൂത്തുപറമ്പ് എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. നേരിയ വിഷമുള്ളതാണെങ്കിലും മനുഷ്യർക്ക് അപകടകാരിയല്ല ഈ പാമ്പെന്ന് ഷംസീർ പറഞ്ഞു. പിടികൂടിയ പാമ്പിനെ പിന്നീട് കണ്ണവം ഫോറസ്റ്റിനുള്ളിൽ വിട്ടയച്ചു.