മാഹി: പ്രതാപകാലം അസ്തമിച്ച് മാഹി ഗവ: ജനറൽ ആശുപത്രി ഇല്ലായ്മകളുടെ പര്യായമായി മാറുന്നു.
ഉത്തര കേരളത്തിൽ തന്നെ പ്രസവ ശുശ്രൂഷക്ക് പ്രസിദ്ധമായിരുന്ന ഇവിടുത്തെ പ്രസവവാർഡ് മാസങ്ങളായി ഏതാണ്ട് നിശ്ചലമാണ്. ബ്ലഡ് ബാങ്ക് ഇല്ലാതായതോടെയാണ് ഇവിടേക്ക് അഡ്മിഷൻ നടക്കാത്തത്. ഇപ്പോൾ ഗൈനക്കോളജിസ്റ്റ് അവധിയിലുമാണ്. കുട്ടികളുടെ ഒ.പിയിൽ ഒരു വർഷത്തോളമായി ഡോക്ടറില്ല. കഴിഞ്ഞ ജനവരിയിലും ഫെബ്രുവരിയിലുമായി രണ്ട് തവണ ഇന്റർവ്യു നടത്തിയെങ്കിലും നിയമനം നീളുകയാണ്.
എല്ലായ്‌പോഴും നിറഞ്ഞിരുന്ന സ്ത്രീ / പുരുഷ മെഡിക്കൽ വാർഡുകളിലും, സർജറി വാർഡിലും നാമമാത്രമായ രോഗികളേയുള്ളൂ. ലൈസൻസ് ലഭിച്ചില്ലെന്ന കാരണത്താൽ ഒരു വർഷത്തോളമായി ബ്ലഡ് സെന്റർ പ്രവർത്തിക്കുന്നില്ല. നിസ്സാര രോഗങ്ങൾക്ക് പോലും തലശ്ശേരി, കോഴിക്കോട് ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുകയാണ്.
മൂന്ന് ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞ് കിടപ്പാണ്. വിരമിച്ച ജീവനക്കാർക്ക് പകരം നിയമനം നടക്കുന്നില്ല. സമീപകാലത്ത് മാത്രം ഇത്തരത്തിൽ പന്ത്രണ്ട് തസ്തികകൾ നികത്തപ്പെടേണ്ടതുണ്ട്.
കൊവിഡിന് ശേഷം രോഗികളുടെ കുറവ് മൂലം കാലാവധി ആകാറായ മരുന്നുകൾ പുതുച്ചേരിക്ക് തിരിച്ചയക്കപ്പെടുകയാണ്. ടെലി മെഡിസിൻ സംവിധാനം, സി.ടി. സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ തുടങ്ങിയ ഏറ്റവും നൂതനമായ സംവിധാനങ്ങൾ വർഷങ്ങൾക്ക് മുന്നേ കൈവരിച്ച സർക്കാർ ആതുരാലയമാണിത്. എന്നാൽ ഇവയൊക്കെ ഇപ്പോൾ നോക്കുകുത്തികളായിട്ടുണ്ട്. ടെക്നീഷ്യനുമില്ല. മുമ്പ് നിത്യേന ആയിരത്തോളം പേർ ഒ.പി.യിലെത്തിയിരുന്നിടത്ത് ഇപ്പോൾ മുന്നൂറ് പേരാണ് വരുന്നത്.
ഇഴജന്തുക്കളുടെ ആലയം
ആശുപത്രിക്ക് ചുറ്റുമതിലില്ല, സെക്യൂരിറ്റി ജീവനക്കാരുമില്ല. പിൻഭാഗം കാട് പിടിച്ച് കിടപ്പാണ്. ഇവിടം ഇഴ ജീവികളുടെ സുരക്ഷിത താവളമായിട്ടുണ്ട്. പല ഭാഗങ്ങളിലായി ഏഴോളം കണ്ടം ചെയ്ത വാഹനങ്ങൾ തുരുമ്പെടുത്ത്, സ്ഥലം മുടക്കികളായി കിടപ്പുണ്ട്. പത്ത് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണമാരംഭിച്ച ട്രോമ കെയർ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ആറ് നിലയിൽ പണി നിലച്ചിട്ട് വർഷങ്ങളായി. തൊട്ടടുത്ത കേരളക്കരയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഉച്ചക്ക് ഒരു മണി വരെ ഒ.പി.പ്രവർത്തിക്കുമ്പോൾ, മാഹിയിൽ 11 മണിക്ക് തന്നെ അടച്ചുപൂട്ടും. ചില ഡോക്ടർമാർ തങ്ങളുടെ സ്വകാര്യ ക്ലിനിക്കിലേക്ക് ഓടുകയാണെന്ന ആക്ഷേപവും നിലനിൽക്കുന്നു.
മാഹി ആശുപത്രി സാധാരണക്കാരിൽ നിന്നും അകലുകയാണ്. മുൻകാലങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുൾപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടായിരുന്നു. ഇപ്പോൾ ചോദിക്കാനും പറയാനും ആളില്ലാതായി.
പി.വി. ചന്ദ്രദാസ്, സാമൂഹ്യപ്രവർത്തകൻ, മാഹി.