മടിക്കൈ( കാസർകോട്): പാടുന്ന പടവാളായി വിശേഷിപ്പിക്കപ്പെട്ട കവിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.എസ് തിരുമുമ്പിന്റെ പേരിൽ കാസർകോട് ജില്ലയ്ക്ക് ഇടതുസർക്കാർ അനുവദിച്ച സാംസ്കാരികസമുച്ചയത്തിന്റെ നിർമ്മാണം മടിക്കൈ അമ്പലത്തുകരയിൽ പുരോഗമിക്കുന്നു. 3.77 ഏക്കർ സ്ഥലത്താണ് ഓപ്പൺ എയർ തിയേറ്ററടക്കം അഞ്ച് കെട്ടിടങ്ങളടങ്ങിയ സാംസ്‌കാരിക സമുച്ചയമൊരുങ്ങുന്നത്.
സാംസ്‌കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ, ശില്പശാലകൾ തുടങ്ങിയവയ്ക്ക് ഉതകുന്ന തരത്തിലാണ് ഓപ്പൺ എയർ തിയേറ്റർ അടക്കം ഇവിടെ സജ്ജീകരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ 41.95 കോടിയാണ് സമുച്ചയത്തിനായി ചിലവഴിക്കുന്നത്. വിശാലമായ പൂമുഖം, പ്രദർശന ഹാൾ, ഭക്ഷണശാല, ഓഡിറ്റോറിയം, എന്നിവയും സമുച്ചയത്തിലുണ്ട്. സാംസ്‌കാരിക സമുച്ചയത്തിന്റെ ആകെ വിസ്തൃതി 69,250 ചതുരശ്ര അടിയാണ് . പ്രവേശന ബ്ലോക്കിൽ 14750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിവരവിതരണ കേന്ദ്രം, സ്മാരക ഹാൾ, സുവനീർ വിൽപന ശാലകൾ, ഗ്രന്ഥശാല, ഭരണനിർവ്വഹണ കേന്ദ്രം എന്നിവ ഉൾപ്പെടുന്നു.
25,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രദർശന ശാല, ബ്ലാക്ക് ബുക്ക് തിയേറ്റർ, സെമിനാർ ഹാൾ, പഠന മുറികൾ കൂടാതെ കലാകാരൻമാർക്കുള്ള പണിശാലകൾ എന്നിവ പ്രദർശന ബ്ലോക്കിന്റെ ഭാഗമായി ഒരുങ്ങുന്നു. പതിനാലായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഗോത്രകലാ മ്യൂസിയം, 10,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഡിറ്റോറിയം, ഫോക്‌ളോർ സെന്റർ, കഫെറ്റീരിയ എന്നിവ അടങ്ങിയ കഫ്റ്റീരിയ ബ്ലോക്കും സമുച്ചയത്തിലുണ്ട്. ഓപ്പൺ എയർ തിയറ്ററിൽ 650 പേർക്ക് പരിപാടികൾ വീക്ഷിക്കാൻ സാധിക്കും. ആഗസ്റ്റിൽ സമുച്ചയനിർമ്മാണം പൂർത്തിയാകും.