riyavargees

കണ്ണൂർ: വിവാദമായതോടെ മാസങ്ങൾക്ക് മുമ്പ് മരവിപ്പിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് പ്രിയവർഗീസിനെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി കണ്ണൂർ സർവകലാശാല നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. മാനദണ്ഡങ്ങൾ മറികടന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെന്ന് ആരോപിച്ച് കെ. എസ്.യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും കടുത്ത പ്രതിഷേധമുയർത്തിയതിനെ തുടർന്ന് സർവകലാശാല റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരുന്നു.

ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്.

തീരുമാനം വി.സി.നിയമനത്തിനുള്ള പ്രത്യുപകാരമാണെന്ന് സെനറ്റ് അംഗം ഡോ.ആർ.കെ.ബിജു ആരോപിച്ചു.വി.സിയുടെ ആദ്യ കാലാവധി തീരുന്നതിനുമുൻപ് ധൃതിപിടിച്ച് നിയമനം നൽകുവാനുള്ള തീരുമാനമെടുത്തത് വീണ്ടും തൽസ്ഥാനത്ത് തുടരുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ആക്ഷേപം. യു.ജി.സി നിഷ്‌ക്കർഷിക്കുന്ന പ്രവർത്തനപരിചയം ഇല്ലെന്നു മനസിലാക്കിയതിനാൽ പുറകോട്ട് പോകുകയും വിവാദങ്ങൾ കെട്ടടങ്ങിയതിനു ശേഷം നിയമനം നൽകുവാൻ തീരുമാനിക്കുകയും ചെയ്തെന്ന് ഡോ. ആർ.കെ. ബിജു പറഞ്ഞു.