kavu
കാവുങ്കൽ തുരുത്ത്

( മൂന്നു വശത്തും കൈപ്പാടും പുഴയും അതിരിടുന്ന കാവുങ്കൽ തുരുത്തിൽ പേരിനൊരു വഴി പോലുമില്ല. മഴ പെയ്താൽ വഴി ഏതെന്ന് അന്വേഷിച്ച് കണ്ടെത്താൻ ഏറെ പ്രയാസം. ആറു കുടുംബങ്ങൾ താമസിക്കുന്ന ഈ തുരുത്ത് എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടിരിക്കുകയാണ്. കാവുങ്കലിന്റെ തീരാദുരിതങ്ങളിലൂടെ ഒരു യാത്ര)

കണ്ണപുരം :തങ്ങളും മനുഷ്യരാണെന്ന് ഓർമ്മപെടുത്തുകയാണ് കാവുങ്കൽ തുരുത്തിലെ ജനങ്ങൾ. കണ്ണൂരിൽ നിന്നും 20 കിലോമീറ്റർ വടക്ക് കണ്ണപുരം ഗ്രാമപഞ്ചായത്തിലാണ് കാവുങ്കലെന്ന ദുരിതം വിളയുന്ന ദ്വീപ്.

മൂന്ന് വശങ്ങളിലും കൈപ്പാട്. വടക്ക് ഭാഗം മുള്ളൂൽ പുഴ.കാവുങ്കൽ തുരുത്തിൽ ഇന്ന് ആറു കുടുംബങ്ങൾ മാത്രമേയുള്ളു. കാവുങ്കൽ തുരുത്തിലെ തൂണോളി തറവാട്ടിൽ മാത്രം ഒരു കാലത്ത് അൻപതിലധികം കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തുരുത്തിനെ എല്ലാമേഖലകളിലും അവഗണിച്ചതോടെ പലരും വിട്ടുപോയി.മഴകാലത്ത് ഇവരുടെ നെഞ്ചിൽ തീയാണ്. കുണ്ടും ചെളിയും നിറഞ്ഞ വഴിയിലൂടെ ഒന്നര കിലോമീറ്റലധികം നടക്കണം ഇവിടെ നിന്ന് പുറത്തെത്താൻ. രോഗിയെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ തുരുത്തിന് അക്കരെയുള്ള റോഡു കയറണം. അവിടെനിന്നും വണ്ടി കിട്ടിയാൽ നാലു കിലോമീറ്റർ അകലെയുള്ള ചെറുകുന്ന് ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാം. മഴക്കാലത്തും പുഴയിൽ വെള്ളം ഉയരുമ്പോഴും രോഗിയെ സമയത്ത് ആശുപത്രിയിൽ എത്തിക്കുക എന്നതാണ് തീവ്രമായ പരിശ്രമം തന്നെയാണ്.

താമസം തുടങ്ങിയത് 1940ൽ

കാവുങ്കൽ എന്ന തുരുത്ത് 1940കളിലാണ് കാവുങ്കൽ തുരുത്തിൽ ജനവാസം ആരംഭിച്ചത്. കൈപാടുകളാലും മുള്ളൂൽ പുഴയാലും ചുറ്റപ്പെട്ട 36 ഏക്കർ ഭൂമിയാണ് കാവുങ്കൽ തുരുത്ത്.ആദ്യകാലത്ത് ആറു കുടുംബങ്ങളായിരുന്നു കുടിലുകെട്ടി കാവുങ്കലിൽ വാസമുറപ്പിച്ചത്.കൃഷിക്ക് പുറമേ മത്സ്യബന്ധനം ആയിരുന്നു തുരുത്തിലെ പ്രധാന ജീവനോപാധി. വെള്ളം കയറി ഇറങ്ങുന്ന കൈപ്പാടുകളും മുള്ളൂൽ പുഴയുംകടന്ന് തുരുത്തിലെത്തണമെങ്കിൽ തോണി മാത്രമായിരുന്നു ഏക ആശ്രയം.

(തുടരും)