
കണ്ണൂർ: കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിൽ അടക്കുന്ന പൊലീസ് ശൈലി അനീതിക്ക് ചൂട്ടുപിടിക്കലാണെന്നും ഇത്തരം നടപടികൊണ്ട് യുവജന സമരവീര്യം തകർക്കാൻ കഴിയില്ലെന്ന് ജില്ലയിലെ ഉന്നത പൊലീസ് അധികൃതർ ഓർക്കുന്നത് നല്ലതാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
നീതിയും നിയമവും സംരക്ഷിക്കാനും പരിപാലിക്കാനും ഉത്തരവാദിത്വപ്പെട്ട പൊലീസ് സേന അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ സമാധാനപരമായി സമരം നടത്തിയ യുവജന നേതാക്കളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ജയിലിൽ അടക്കുന്നത് മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഭരണ സ്വാധീനത്താൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സി.പി.എം നേതാവിന്റെ ഭാര്യക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിയമനം നൽകിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ സമരക്കാരെ ജയിലിലടക്കുന്നത് ഉചിതമാണോയെന്ന കാര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആത്മപരിശോധന നടത്തണമെന്നും ഷമ്മാസ് പറഞ്ഞു.