cuk

പെരിയ: വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാൻ ഉതകുന്ന തരത്തിൽ നൂതനമായ വൈജ്ഞാനിക സിദ്ധാന്തത്തിലൂന്നിയ പാഠ്യപദ്ധതിയിലേക്ക് അദ്ധ്യാപക വിദ്യാഭ്യാസം മാറേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി കേരള കേന്ദ്ര സർവ്വകലാശാലാ പഠനം. വിദ്യാഭ്യാസ വിഭാഗത്തിൽ ഗവേഷകനായ ജിജോ വർഗീസിന്റെ പഠനത്തിലാണ് അദ്ധ്യാപക വിദ്യാഭ്യാസത്തിൽ അടിസ്ഥാനപരമായ മാറ്റം നിർദ്ദേശിക്കുന്നത്. 'സന്ദർഭോചിത ബഹുമുഖ ബുദ്ധി അധിഷ്ഠിത ബോധന പ്രക്രിയയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിപുണികളുടെ ഫലപ്രാപ്തിയും അദ്ധ്യാപക വിദ്യാർത്ഥികളിൽ' എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ഹവാർഡ് ഗാർഡനരുടെ വിഖ്യാതമായ ബഹുമുഖ സിദ്ധാന്തമാണ് ഇന്ന് പാഠ്യപദ്ധതിയുടെ സംപ്രേഷണത്തിന് നിദാനമായി പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇത് ഇക്കാലത്തെ വിദ്യാർത്ഥികളുടെ സങ്കൽപ്പങ്ങളെയും അഭിലാഷങ്ങളെയും സൂക്ഷ്മതലത്തിൽ പ്രതിനിധാനം ചെയ്യുന്നതല്ലെന്ന് ഗവേഷണഫലം വ്യക്തമാക്കുന്നു. കേരളത്തിലെ അദ്ധ്യാപക വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിപുണികളെ കുറിച്ചുള്ള അവബോധം ശരാശരിയിലാണ് നിൽക്കുന്നത്. വർത്തമാന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ശേഷി ഭാവി വിദ്യാർത്ഥികളിൽ സജ്ജമാക്കാൻ അദ്ധ്യാപക വിദ്യാർത്ഥികൾ എത്രമാത്രം പ്രാപ്തരാണെന്ന പ്രസക്തമായ ചോദ്യവും അവശേഷിക്കുന്നു. പാഠ്യപദ്ധതി ആവിഷ്‌കരണത്തിലും, പ്രേഷണത്തിലും, മൂല്യ നിർണയത്തിലും നിലനിൽക്കുന്ന അശാസ്ത്രീയതയും ഗവേഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

വിദ്യാഭ്യാസ വിഭാഗം ഡീനും വകുപ്പ് തലവനും കൂടിയായ പ്രൊഫ. എം.എൻ. മുസ്തഫയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസർ എം. വനജയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഗവേഷണത്തിന്റെ മൂല്യനിർണയം നടത്തിയത്. പ്രബന്ധാവതരണത്തിൽ രാജ്യത്തിന്റെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ഏകദേശം ഇരുന്നൂറ്റി അമ്പതോളം അദ്ധ്യാപകരും ഗവേഷകരും പങ്കെടുത്തു.

കേരള കേന്ദ്ര സർവകാലശാല വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു, അക്കാഡമിക് ഡീൻ പ്രൊഫ. അമൃത് ജി കുമാർ, പ്രൊഫ. കെ.പി. സുരേഷ്, ഡോ. വി.പി. ജോഷിത്, ഡോ. കെ. തിയാഗു, ഡോ. മേരി വിനീത തോമസ്, ഡോ. വനിത തുടങ്ങിയവർ സംബന്ധിച്ചു.