
കണ്ണൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കാൾടെക്‌സിൽ റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് ,കെ.എസ്. യു നേതാക്കൾ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, കമൽജിത്ത്, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, വരുൺ,സുധീഷ് വെള്ളച്ചാൽ,നിധിൻ എന്നിവരെയാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൃത്യ നിർവഹണം തടസപെടുത്തൽ, പൊതുമുതൽ നശിപ്പിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇക്കഴിഞ്ഞ 25നായിരുന്നു കേസിനാസ്പദമായ സംഭവം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ കാൾടെക്‌സിൽ റോഡ് ഉപരോധവും തുടർന്ന് പൊലീസുമായി സംഘർഷവും നടന്നിരുന്നു. ഈ സംഭവത്തിലാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എട്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.