കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ട കാത്തിരിപ്പിന് ഇനിയും വിരമമില്ല. പകർച്ചപ്പനിയും സാംക്രമിക രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലും ആശുപത്രിയിൽ എത്തുന്ന നിരവധി രോഗികളാണ് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നത്.1500 ലേറെ പേരാണ് ദിവസവും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്.
സൗകര്യങ്ങൾ വർദ്ധിച്ചതോടെ ഇതര സ്ഥലങ്ങളിലുള്ളവർ പോലും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. പകർച്ചപ്പനി കാലമായതോടെ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിരക്കാണ് അനുദിനം വർദ്ധിക്കുന്നത്. മണിക്കൂറുകളോളം കാത്തിരുന്നാലും ഒപി ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. ചില ഘട്ടങ്ങളിൽ ഏറേനേരം വരിനിന്ന് കൗണ്ടറിന് മുന്നിൽ എത്തുമ്പോഴാണ് സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലെ ടോക്കൺ തീർന്നെന്നുള്ള വിവരം ലഭിക്കുക. ഇത് പലപ്പോഴും രോഗികൾക്ക് ബുദ്ധിമുട്ടായി മാറുകയാണ്.
കൗണ്ടറുകൾ കൂട്ടണം
അടുത്ത കാലത്തായി ഡോക്ടർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും ചില ദിവസങ്ങളിൽ ആരെങ്കിലും അവധിയാകുമ്പോൾ തിരക്ക് കൂടും. ഒ.പി ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെ തിരക്ക് ഒരു പരിധി വരെയെങ്കിലും കുറക്കാൻ ഇതുകൊണ്ടാ സാധിക്കുമെന്നാണ് പറയുന്നത്.