photo
മാടായിക്കോട്ടക്ക് സമീപത്തെ കുന്നിൻ ചെരുവിലെ വിള്ളൽ

പഴയങ്ങാടി: മാടായിപ്പാറ തെക്ക് കിഴക്ക് മുനമ്പിൽ തലയെടുപ്പോടെ നിന്ന ചരിത്ര സ്മാരകമായ മാടായി കോട്ട ഇടിഞ്ഞു തകരുന്നു. കോട്ടയുടെ ഭാഗത്തുള്ള കുന്നുകളാണ് ഇടിയാൻ തുടങ്ങിയത്. കോട്ടയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് വലിയ വിള്ളൽ വീണ് കുന്ന് ഇടിയുന്നത്. കോട്ടകളുടെ സംരക്ഷണത്തി നായി കേന്ദ്ര പുരാവസ്തു വകുപ്പ് ഇതിന്റെ സംരക്ഷണം ഏറ്റെടുക്കുകയും സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്തിരുന്നു.

ബാക്കിയുള്ളവ സംരക്ഷിക്കാൻ തുടർ പദ്ധതികൾ ആവിഷ്കരിക്കാത്തതാണ് ഇപ്പോഴത്തെ ദുരാവസ്ഥക്ക് കാരണം. ഇതിനു പുറമെ പാറയുടെ കുന്നിൻ ചെരിവുകളിൽ നടക്കുന്ന വ്യാപകമായ കുന്നിടിക്കലും ഈ ചരിത്ര സ്മാരകത്തിന്റെ നാശത്തിന് വേഗം കൂട്ടുന്നു. കോലത്തിരിയുടെ പടത്തലവൻ വള്ളുവ കമ്മാരൻ പട നയിച്ച കോട്ടയാണിതെന്നും ഇതിന് ആറ് ഗോപുരങ്ങളുണ്ടായിരുന്നുവെന്നും ചരിത്രകാരൻമാർ പറയുന്നു. പ്രകൃതി സൗന്ദര്യം ഏറെയുള്ള സ്ഥലത്താണ് ഈ കോട്ട.