youth
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അനധികൃത നിയമനം നൽകിയെന്നാരോപിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞപ്പോൾ മാറ്റാനുള്ള പൊലീസ് ശ്രമം

കണ്ണൂർ:മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാനകമ്മിറ്റിയംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രീയ വർഗീസിനെ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി മാനദണ്ഡങ്ങൾ ലംഘിച്ചു നിയമിച്ചു വെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറിനെ റോഡിൽ തടഞ്ഞു. ഇന്നലെ രാവിലെ താവക്കരയിലെ വീട്ടിൽ നിന്നും സർവകലാശാലയിലേക്ക് പോകും വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന് മുൻപിലേക്ക് ചാടി വീണത്.

ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ പ്രയോഗിച്ചു മാറ്റാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി.പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കിയതിനു ശേഷമാണ് വി.സിയുടെ വാഹനം കടന്നു പോയത് 'സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത്, ജില്ലാ ഭാരവാഹികളായ വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട,സി.വി സുമിത്ത്, ജിജോ ആന്റണി, വി.വി.ലിഷ, ഷോബിൻ തോമസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സുജേഷ് പണിക്കർ, വി.എം. രഞ്ജുഷ, ബ്ലോക്ക് പ്രസിഡന്റ് സുധീഷ് കുന്നത്ത്, സി.വി.വരുൺ, നിധിൻ നടുവനാട്, എന്നിവർ നേതൃത്വം നൽകി.