photo
പുതിയങ്ങാടി ഫിഷറീഷ് കുടുംബ ആരോഗ്യ കേന്ദ്രം

പഴയങ്ങാടി: മാടായി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പുതിയങ്ങാടി ഫിഷറീസ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ നിരാശരാക്കുന്നു. പാവപ്പെട്ട മത്സ്യ തൊഴിലാളികൾ കിലോമീറ്ററുകൾ ദൂരെയുള്ള പഴയങ്ങാടി താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ടി വരികയാണ്. പനി, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികൾ കൂടിയ അവസരത്തിലാണ് ഡോക്ടർമാർ ഇല്ലാതെ ഫിഷറീസ് ആശുപത്രി നോക്കുകുത്തിയായത്.
ഒരു മെഡിക്കൽ ഓഫീസറാണ് ഇവിടെ ഉള്ളത്. അദ്ദേഹം അവധിയിൽ പോയപ്പോൾ പഞ്ചായത്ത് പകരം ഡോക്ടറെ നിയമിച്ചെങ്കിലും ദിനംപ്രതി എത്തുന്ന 300നും 400നും ഇടയിൽ ഉള്ള രോഗികളെ പരിശോധിക്കാൻ കഴിയുന്നില്ല. പലരും ഡോക്ടറെ കാണാൻ കഴിയാതെ തിരിച്ച് പോകുകയാണ്. ഒരു മെഡിക്കൽ ഓഫീസറും രണ്ട് സ്റ്റാഫ്‌ നഴ്സുമാരും മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. പഞ്ചായത്ത് നിയമിച്ച ഫാർമസിസ്റ്റുമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രമായ ആശുപത്രി കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയിൽ വീർപ്പ്മുട്ടുകയാണ്. പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കാറില്ലെന്നും പരാതിയുണ്ട്.