നീലേശ്വരം: അഞ്ചാമത് തണൽ കെ.എം ജോസ് എൻഡോവ്മെന്റിന് യുവസംരംഭകരായ കെ. ശ്രീജിത്തും കെ. ശ്രീകാന്തും അർഹരായി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ, വ്യത്യസ്തങ്ങളായ ചമയക്കോപ്പുകൾ ഒരുക്കി ദേവൻ ആർട്സ് ആൻഡ് നർത്തകി എന്ന സ്ഥാപനത്തെ കേരളത്തിനകത്തും പുറത്തും പ്രശസ്തിയിലേക്കെത്തിച്ചതിന്റെ പിറകിലെ പ്രയത്നമാണ് ഇരുവരെയും അവാർഡിനാർഹരാക്കിയത്.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയുടെ സ്ഥാപക അംഗവും കമ്പി-തപാൽ ജീവനക്കാരനുമായിരുന്ന അന്തരിച്ച കെഎം ജോസിന്റെ സ്മരണക്കുവേണ്ടിയാണ് അവാർഡ് ഏർപ്പെടുത്തിയത്.10,000 രൂപയും പ്രശസ്തി ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പൊതുജനവായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം ഇ.പി രാജഗോപാലൻ അവാർഡ് ദാനം നിർവഹിച്ചു. ഡോ. എം. രാധാകൃഷ്ണൻ നായർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.തണൽ പ്രസിഡന്റ് എൻ സദാശിവൻ അദ്ധ്യക്ഷനായിരുന്നു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർമാരായ കെ. ബിന്ദു, പി. ഭാർഗവി, കെ. ഷീബ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. തണൽ സെക്രട്ടറി പി.യു ചന്ദ്രശേഖരൻ സ്വാഗതവും, ടി. ദാമോദരൻ നന്ദിയും പറഞ്ഞു.