പാനൂർ: മൊകേരി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലൂടെ കടന്നുപോകുന്ന ഐ.കെ.ബി - ആച്ചിലാട്ട് താഴെ റോഡ് തകർന്ന് കാൽനട യാത്രപോലും അസാദ്ധ്യമാവുകയാണ്. മഴക്കാലമാകുന്നതോടെ റോഡിൽ അര മീറ്ററോളം ആഴത്തിൽ രൂപാന്തരപ്പെട്ട കുഴികളിൽ വെള്ളം നിറഞ്ഞ് വിദ്യാർത്ഥികളും വാഹനങ്ങളും മറ്റു യാത്രക്കാരും ദുരിതം പേറുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. പ്രദേശത്തെ നൂറു കണക്കിന് വിദ്യാർത്ഥികൾ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കാൽനടയായി എത്തിച്ചേരാൻ ആശ്രയിക്കുന്ന റോഡാണിത്. പാത്തിപ്പാലത്തു നിന്നും ഐ.കെ.ബി റോഡിലൂടെ പുതുമ മുക്ക് വഴി പാനൂരിലെത്തി ചേരുന്ന കുറുക്കുവഴി കൂടിയാണ്.

ഗ്രാമസഭയിൽ പല തവണ പ്രദേശത്തുകാർ റോഡിന്റെ ശോച്യാവസ്ഥക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടിരുന്നു. കനത്ത മഴ പെയ്താൽ റോഡിലെ വെള്ളം

തൊട്ടടുത്തു കിടക്കുന്ന വീട്ടുമുറ്റത്ത് പോലും ഒഴുകിയെത്തുകയാണ്. പാത്തിപ്പാലം റോഡിൽ പൊലീസ് ചെക്കിംഗ് നടക്കുമ്പോൾ മിക്ക വാഹനങ്ങളും ഭാരം വലിക്കുന്ന വണ്ടികളും പാനൂരിലെത്തി ചേരാൻ ഈ കുറുക്കുവഴി ആശ്രയിക്കുന്നതാണ് റോഡ് ഇത്രയും വേഗംപൊട്ടി തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ശാസ്ത്രീയമായ പരിഹാരം അനിവാര്യം
വീതി കുറഞ്ഞ റോഡിനിരുഭാഗത്തുമുള്ളവർ പലരും സൗകര്യാർത്ഥം ചുരുക്കിയാണ് മതിൽ കെട്ടിയിരിക്കുന്നതെന്ന പരാതിയുമുണ്ട്. വെള്ളം ഒഴിഞ്ഞുപോകാനുള്ള വീതിയുള്ള ചാലുകൾ പലതും ഇവിടെ നികന്നില്ലാതായി. ഇതൊക്കെ ശാസ്ത്രീയമായി പഠിച്ച് വീതി കൂട്ടി റോഡുയർത്തി ഇരുഭാഗങ്ങളിലും ഓടകൾ നിർമ്മിച്ചാൽ മാത്രമേ ഇതിനു ശാശ്വത പരിഹാരമാവൂ.

റോഡ് ഗതാഗത യോഗ്യമാക്കുന്നതിനു എല്ലാ ഭാഗത്തു നിന്നും സഹകരണമുണ്ടാവണം.

പഞ്ചായത്ത് മെമ്പർ അനിത