കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആതുരാലയമായ കാഞ്ഞങ്ങാട് ജില്ലാശുപത്രിയുടെ ആംബുലൻസ് കട്ടപ്പുറത്തായിട്ട് മാസം എട്ട് കഴിഞ്ഞു. ബാറ്ററി തകരാറിലെന്ന കാരണത്താലാണ് ആകെയുള്ള രണ്ട് ആംബുലൻസുകളിൽ ഒന്ന് ആശുപത്രി കെട്ടിടങ്ങൾക്ക് പിന്നിലേക്ക് തള്ളിയത്. മണിക്കൂറുകൾക്കകം തുച്ഛമായ തുക നൽകിയാൽ പരിഹരിക്കാമെന്നിരിക്കെ അധികൃതരുടെ അവഗണന കൊണ്ട് മാത്രം ലക്ഷങ്ങൾ വിലമതിക്കുന്ന ആംബുലൻസ് നശിക്കുകയാണ്.
പ്രധാനപ്പെട്ട ആംബുലൻസ് കട്ടപ്പുറത്തായതോടെ മറ്റൊരു ചെറിയ ആംബുലൻസ് മാത്രമാണ് നിലവിൽ ആശ്രയം. ആംബുലൻസ് സഹായം നിത്യവും നിരവധി രോഗികൾക്ക് വേണ്ടി വരുന്നുണ്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് അത്യാസന്ന രോഗികളെയെത്തിക്കാൻ ഒന്നിലേറെ ആംബുലൻസുകൾ എല്ലാ ദിവസവും വേണ്ടിവരുമ്പോഴാണ് ഒരെണ്ണം കട്ടപ്പുറത്തായത്. ഭീമമായ വാടക നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കുകയാണിപ്പോൾ. 40 കിലോമീറ്റർ ദൂരമുള്ള പരിയാരത്തേക്ക് രോഗികളെയെത്തിക്കുന്നതിന് 1700 രൂപ സ്വകാര്യ ആംബുലൻസുകൾക്ക് ആരോഗ്യവിഭാഗത്തിൽ നിന്നും നൽകുന്നുണ്ട്.