പയ്യന്നൂർ: മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണം അടുത്തവർഷം മാർച്ചിൽ പൂർത്തീകരിക്കും. താൽക്കാലികമായി നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കായിക വകുപ്പ് മന്ത്രി വി.അബ്ദുൾ റഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.

സ്റ്റേഡിയം നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളുടെ പേരിൽ കഴിഞ്ഞ ഏപ്രിൽ മാസത്തോടെ കരാർ ഏറ്റെടുത്ത കമ്പനി പ്രവൃത്തി നിർത്തിവയ്ക്കുകയായിരുന്നു.

ടി.ഐ. മധുസൂദനൻ എം.എൽ.എ., നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്താണ് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചത്. കിഫ്‌ബി ഫിനാൻസ് ഓഫീസർ ഷൈല, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജഹാൻ, നിർവ്വഹണ ഏജൻസിയായ കിറ്റ്‌കോ ഗ്രൂപ്പ് ഹെഡ് ജി. രാകേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 14.85 കോടി രൂപ ചെലവിലാണ് പയ്യന്നൂരിൽ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മിക്കുന്നത്.