ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് 14ാം വാർഡ് ഉപതിരഞ്ഞെടുപ്പിന് ബി.ജെ.പിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നേരത്തെ പഞ്ചായത്തംഗമായിരുന്ന മഹേഷ് വളക്കുഞ്ചയെയാണ് ബി.ജെ.പി രംഗത്തിറക്കുക. ഇത് സംബന്ധിച്ച യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. വെങ്കപ്പ നായ്ക് അദ്ധ്യക്ഷത വഹിച്ചു. വിജയ്കുമാർ റായ്, എം.എൽ അശ്വിനി, സൗമ്യ മഹേഷ്, ശ്രീധർ ബെള്ളൂർ, ഹരീഷ് നരമ്പാടി, ഈശ്വര, പി.ആർ സുനിൽ, അശ്വിനി മോളായാർ, വിജയ് സായി പ്രസംഗിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഇന്ന് രാവിലെ ചേരുന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ തീരുമാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഉണ്ടായിരുന്നുവെങ്കിലും ശ്യാം പ്രസാദ് മാന്യ, കൃഷ്ണ കുമാർ പെരുമുഖ, നിരഞ്ജന റൈ, രാമ പട്ടാജെ, ശ്രീനാഥ് പെർഡാല എന്നിവരുടെ പേരുകൾ വന്നിരുന്നു. ഇതിൽ ശ്യാം പ്രസാദ് മാന്യയെ തന്നെ മത്സര രംഗത്തിറക്കാൻ ഏതാണ്ട് തീരുമാനമായതായാണ് അറിയുന്നത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി എം. മദനനെ തിരഞ്ഞെടുത്തിരുന്നു. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതോടെ വാർഡിൽ പ്രചരണം കൊഴുക്കും.