photo
ചെറുകുന്നിൽ നശിപ്പിക്കാനായി കൂട്ടിയിട്ടിരിക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ

പഴയങ്ങാടി: കണ്ണപുരം, ചെറുകുന്ന് പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം വ്യാപകമായി. കണ്ണപുരം റെയിൽവേ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ് പരിസരങ്ങളിലും, ചെറുകുന്ന് പള്ളിച്ചാൽ, കൊവ്വപ്പുറം, അമ്പലം റോഡ് എന്നിവിടങ്ങളിലുമാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമായിട്ടുള്ളത്. വാഴ, പപ്പായ, കറിവേപ്പില, മുരിങ്ങ തുടങ്ങിയ സസ്യങ്ങളും കായകളും മുഴുവനായും നശിപ്പിക്കുകയാണ് ഒച്ച്. മുളച്ചു വരുന്ന തളിരുകൾ മുതൽ സസ്യങ്ങൾ പൂർണ്ണമായും തിന്നു നശിപ്പിക്കുന്നതാണ് ഇവയുടെ രീതി. വാഴയിലയും തെങ്ങുമാണ് ഇവ വിഹരിക്കുന്ന പ്രധാന കേന്ദ്രങ്ങൾ.

കൃഷിയിടങ്ങളിലും പറമ്പുകളിലും മാത്രമല്ല വീടിന്റെ ഗ്രിൽസ് ചുമർ വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. ആൾപ്പെരുമാറ്റം ഇല്ലാത്ത പറമ്പുകളിൽ മുട്ടയിട്ട് പെരുകി സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഒച്ചുകൾ വർഷത്തിൽ ആറ് തവണയെങ്കിലും മുട്ടയിടും ഓരോ പ്രാവശ്യവും 200ഓളം മുട്ടയിടും. 11 ദിവസം കൊണ്ട് ഭൂരിഭാഗവും വിരിഞ്ഞു പെരുകും. ഇലകളാണ് ഭക്ഷണമെങ്കിലും പുറംതോടിന് കാൽസ്യം ആവശ്യമായതിനാൽ കുമ്മായതിന്റെ അംശം തേടി ഭിത്തികളിലേക്കും വീടുകളിലേക്കും എത്തുന്നതായും പറയുന്നു.

ആറ് മാസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന ഇവ രാത്രിയിലാണ് സഞ്ചാരവും ഇരതേടലും. പകൽ മണ്ണിനടിയിൽ ഒളിച്ചിരിക്കും. ഇതിന്റെ സ്രവം തട്ടിയാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതായും പറയന്നു.

ഒഴിവാക്കാൻ മെനക്കേടുണ്ട്

കറിയുപ്പ് ഇട്ടാണ് ഇവയെ നശിപ്പിക്കുന്നത്. പുകയില തുരിശ് ലായനി ഉപയോഗിക്കുന്നതാണ് ഫലപ്രദമെന്നും പറയുന്നു. രാത്രിയും പകലുമായി കൈയുറ ധരിച്ച് ഇതിനെ ശേഖരിച്ച് പുകയില തുരിശ് ലായനിയിൽ മുക്കി കൊന്ന ശേഷം കുഴിച്ചിടുകയാണ് നല്ലത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാബേജ്, കോളിഫ്ലവർ, പപ്പായ ഇലകൾ എന്നിവ വിതറിയിട്ട് ഓച്ചിനെ ആകർഷിച്ചതിന് ശേഷം ശേഖരിച്ചു ഉപ്പുവെള്ളത്തിലോ പുകയില തുരിശു ലായനിയിലോ ഇട്ട് നശിപ്പിച്ചു കുഴിച്ചിടുകയാണ്.