കാസർകോട്: അമ്പത് ലക്ഷത്തിന്റെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രവാസി യുവാവ് ഉപ്പള മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ (32) കൊലപ്പെടുത്തി മൃതദേഹം ആശുപത്രിയ്ക്ക് മുന്നിലെത്തിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവർ ജെ. എം റോഡിലെ കണ്ണപ്പബാക്ക് ഹൌസിൽ അബ്ദുൽ അസീസ് (36) ജെ.എം റോഡിലെ റൗസ് മൻസിലിൽ അബ്ദുൾ റഹ്മാൻ(41) എന്നിവരെയാണ് കാസർകോട് ഡിവൈ. എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അബ്ദുൾ റഹീം കൃത്യത്തിൽ പങ്കെടുത്തയാളാണെന്നും അസീസിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്ക് പുറമെ മൂന്നുപേർ കൂടി കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് പിന്നിൽ 15 അംഗ ക്വട്ടേഷൻ സംഘമാണെന്നും ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് അബൂബക്കർ സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയാണ് സംഘം ദുബായിൽ ആയിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ പൈവളിഗെയിൽ ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ട ഇടത്തേക്ക് എത്തിയതിന് പിന്നാലെ അവിടെ വച്ചും വീട്ടിനുള്ളിലും മലമുകളിലും കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സൂത്രധാരൻ വിദേശത്തേക്ക് കടന്നു
അതിനിടെ സംഘത്തിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ റൗസ് ബംഗളുരു വിമാനത്താവളം വഴി ഗൾഫിലേക്ക് കടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മറ്റൊരു മുഖ്യപ്രതി നൂർഷായ്ക്ക് വേണ്ടി പൊലീസ് വല വിരിച്ചിട്ടുണ്ട്. പൈവളിഗെ കേന്ദ്രീകരിച്ചുള്ള അധോലോക സംഘത്തിന്റെ തലവൻ സിയ എന്നയാളാണെന്ന് പൊലീസ് പറയുന്നു. വ്യാജ പാസ്‌പോർട് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത സിയ ഇപ്പോൾ മുംബൈ ജയിലിലാണ്. സിയയുടെ അഭാവത്തിലാണ് റൗസും നൂർഷായും ചേർന്ന് കുഞ്ചത്തൂർ ഉദ്യാവർ സ്വദേശിയിൽ നിന്ന് ക്വട്ടേഷൻ ഏറ്റെടുത്തത്. ഇയാളും മുങ്ങിയിരിക്കുകയാണ്.
സിദ്ദീഖിനെ പൈവളിഗെ നൂച്ചില്ലയിലെ ഇരുനില വീട്ടിലാണ് തടങ്കലിൽ പാർപ്പിച്ചു ക്രൂരമായി മർദ്ദിച്ചതെന്ന് സഹോദരനും ബന്ധുവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിദ്ദീഖിനെ മണിക്കൂറുകളോളം കെട്ടിയിട്ട് ചോദ്യം ചെയ്യുകയായിരുന്നു. തലകീഴായി മരത്തിൽ കെട്ടിയിട്ട് തങ്ങളെ മർദ്ദിച്ചുവെന്ന് സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും മൊഴി നൽകി. പൈവളിഗെയിലെ ഇരുനില വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളൻഗളയിലെ കാട്ടിൽ വച്ചുമായിരുന്നു മർദ്ദനം.ഡോളർ എവിടേക്ക് മാറ്റിയെന്ന് ചോദിച്ചായിരുന്നു അതിക്രമം. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞാണ് അൻവറിനേയും അൻസാരിയേയും വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിട്ടത്. വഴിച്ചിലവിന് 1500 രൂപയും സംഘം ഇരുവർക്കുമായി നൽകിയിരുന്നു.