കാഞ്ഞങ്ങാട്: ഏഴ് പേരുടെ മരണത്തിനിടയാക്കിയ പാണത്തൂർ ബസ് അപകടക്കേസിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിക്ക് കുറ്റപത്രം സമർപ്പിച്ചു. ബസ് ഓടിച്ച ആൾക്ക് ഡ്രൈവിംഗ് ലൈസൻസുണ്ടായിരുന്നില്ലെന്ന് രാജപുരം പൊലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 50 പേർ യാത്ര ചെയ്യാൻ അനുമതിയുള്ള ബസിൽ 80 യാത്രക്കാർ സഞ്ചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കർണാടക സംസ്ഥാനത്ത് മാത്രം സർവ്വീസ് നടത്താൻ അനുമതിയുള്ള ബസ് കേരളത്തിലേക്ക് കടന്നത് പെർമിറ്റില്ലാതെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

2021 ജനുവരി 3 നാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കർണാടക പുത്തൂരിൽ നിന്നും പാണത്തൂർ വഴി കരിക്കേയിലേക്ക് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേർ മരണപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിരുന്നു.

രാജപുരം ഇൻസ്‌പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ആദ്യഘട്ട അന്വേഷണം നടത്തിയത്. എസ്.ഐമാരായ വി.കെ. സുരേഷ്, ബിജോയി എം.എൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇൻസ്‌പെക്ടർ വി. ഉണ്ണികൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. ബസ് ഓടിച്ച കർണാടക സ്വദേശി ശശിധര പൂജാരി (43) യാണ് കേസിലെ പ്രതി. അപകടത്തിൽ ഡ്രൈവറും മരിച്ചിരുന്നു. ബസ് ഉടമയെ പ്രതിചേർത്ത് ഇതോടൊപ്പം പൊലീസ് മറ്റൊരു റിപ്പോർട്ട് കോടതിക്ക് നൽകി. ലൈസൻസില്ലാത്ത ശശിധര പൂജാരിക്ക് ബസ് ഓടിക്കാൻ നൽകിയതിനും പെർമിറ്റില്ലാതെ ബസ് കേരളത്തിൽ പ്രവേശിപ്പിച്ചത് ചൂണ്ടിക്കാട്ടിയുമാണ് റിപ്പോർട്ട് നൽകിയത്.