തളിപ്പറമ്പ്: തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിന്റെ കണക്കുകളിൽ വഖഫ് ബോർഡ് ഓഡിറ്റർ ഇ.കെ കരുണാകരൻ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേടുകൾ കണ്ടെത്തിയില്ലെന്നു സ്കൂൾ മാനേജർ പി.കെ സുബൈർ പറഞ്ഞിരുന്നു. റിപ്പോർട്ടിൽ പറയുന്ന മുഴുവൻ കാര്യങ്ങളും സ്കൂൾ കമ്മിറ്റിക്ക് എതിരാണ്. 481 ലക്ഷം രൂപയാണ് 2013 മുതൽ 2021 വരെ ചെലവഴിച്ചത്. ബില്ലും രസീതിയും നൽകാതെ കേരളത്തിലെ അറിയപ്പെടുന്ന വ്യാപാര സ്ഥാപനത്തിന്റെ പേരിൽ വൗച്ചർ എഴുതി 1.43 കോടി രൂപയുടെ അനധികൃത ഇടപാട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 40 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം രസീത് ഹാജരാക്കാതെ വൗച്ചർ നൽകിയാണ് പണം പിൻവലിച്ചത്. വഖഫ് നിയമമനുസരിച്ച് അമ്പതിനായിരത്തിന് മുകളിലുള്ള നിർമ്മാണ പ്രവൃത്തികൾക്ക് വഖഫ് ബോർഡിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്. ഇത് പാലിക്കാതെ 2.12 കോടി രൂപയുടെ അനധികൃത നിർമ്മാണം നടത്തിയതായും കണ്ടെത്തിയതായി സമിതി ചെയർമാൻ സി. അബ്ദുൽ കരീം, ജനറൽ സെക്രട്ടറി സിദ്ദീഖ് കുറിയാലി, കെ.പി.എം റിയാസുദ്ദീൻ, ചപ്പൻ മുസ്തഫ എന്നിവർ പറഞ്ഞു.