തൃക്കരിപ്പൂർ: വെള്ളക്കെട്ടും, നടപ്പാതയുടെ അഭാവവും തൃക്കരിപ്പൂർ - കാലിക്കടവ് റോഡിൽ കൂടിയുള്ള യാത്ര ദുരിതമാക്കുന്നു. ചെറിയ മഴ പെയ്താൽ പോലും റോഡ് നിറയുന്ന വെള്ളക്കെട്ടാണ്. റോഡരികിലെ കുറ്റിക്കാടുകളും സമീപത്തെ വ്യാപാരികൾക്കും കാൽ നടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ പരിസരത്തെ കടകളെ ചെളിയി. കുളിപ്പിക്കുന്ന അവസ്ഥയാണ്. കാലിക്കടവ് - തൃക്കരിപ്പൂർ റോഡിൽ കൊയോങ്കര മൃഗാശുപത്രിക്ക് സമീപമാണ് വെള്ളക്കെട്ട് സമീപത്തെ വ്യാപാരികളെ കുളിപ്പിക്കുന്നത്. സഹികെട്ട നാട്ടുകാർ റോഡിൽ വാഴ വച്ച് പ്രതിഷേധിച്ചു. ഡ്രൈനേജ് സൗകര്യമില്ലാത്തതാണ് മഴ പെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് കാരണം. മൂന്നു വർഷങ്ങൾക്ക് മുമ്പ് മെക്കാഡം ടാറിംഗ് നടത്തിയ റോഡിലാണ് പലയിടത്തും കൊച്ചുകുളങ്ങൾ രൂപപ്പെട്ടിട്ടുള്ളത്.
പഞ്ചായത്തിൽ പല തവണ പരാതി നൽകിയിട്ടും സ്ഥിതിയിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇതേ റോഡിൽത്തന്നെ തൃക്കരിപ്പൂർ മുതൽ കാലിക്കടവ് ഭാഗംവരെ നടപ്പാത സ്ഥാപിക്കാത്തത് കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്. ടാറിംഗ് കഴിഞ്ഞാലുള്ള ഭാഗം പലയിടത്തും വീതി കുറഞ്ഞ് നടക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
അൽപ്പം വീതി കൂടിയ ഭാഗത്താകട്ടെ കാടു കയറിയും കല്ല് ഉയർന്നു നിന്നും കുണ്ടും കുഴിയുമൊക്കെയായി ഏറെ പരിതാപകരമായ അവസ്ഥയിലാണ്. പുച്ചോൽ, നടക്കാവ് പോലുള്ള ചിലയിടങ്ങളിൽ റോഡരികിൽ വളർന്നു നിൽക്കുന്ന കാടുകൾ റോഡിലേക്ക് വ്യാപിച്ചതും കാൽനടക്കാരെ അപകടത്തിലാക്കുന്നു. ഇവിടെ പ്രഭാത സവാരിക്കിടെ വാഹനം തട്ടി ഒരു സ്ത്രീ മരിച്ച സംഭവം കൂടിയുണ്ടായിട്ടുണ്ട്.