നാദാപുരം: നാദാപുരത്ത് പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ പിടിവീഴും. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ശക്തമായ നടപടികളുമായി അധികൃതർ രംഗത്ത്. അജൈവ മാലിന്യശേഖരണത്തിനായി വാതിൽപടി സേവനം മുഴുവൻ പ്രദേശത്തും എത്തിക്കാൻ പ്രത്യേക കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു. മുഴുവൻ വീട്ടുകാർക്കും കച്ചവടക്കാർക്കും പൊതുനോട്ടീസ് വിതരണം ആരംഭിച്ചു. അജൈവ മാലിന്യം ശേഖരിച്ച് ഉടനെ കൊണ്ടുപോകാൻ അംഗീകൃത ഏജൻസിയെ പഞ്ചായത്ത് ഏർപ്പാടാക്കിയിട്ടുണ്ട്. അജൈവ ജൈവമാലിന്യം ഹരിതകർമ്മസേനക്ക് കൈമാറാത്ത വീട്ടുകാർക്കും സ്ഥാപന ഉടമകൾക്കുമെതിരെ പഞ്ചായത്ത് രാജ് നിയമ പ്രകാരം നടപടികൾ സ്വീകരിക്കും. കല്ലാച്ചി ടൗണിൽ പ്രവർത്തിക്കുന്ന അഡോണ എന്ന വ്യാപാര സ്ഥാപനത്തിന് മലിനജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിയതിന് പതിനായിരം രൂപ കഴിഞ്ഞ ദിവസം പിഴയിട്ടിരുന്നു. ഇന്നലെ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇയ്യങ്കോട് വായനശാലയ്ക്ക് അടുത്തായി പഞ്ചായത്ത് റോഡരികിൽ രാത്രിയിൽ ഗുഡ്സ് ഓട്ടോയിൽ മാലിന്യം നിറച്ച ചാക്കുകൾ തള്ളിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി കെ.അബ്ദുൽസലാമിനെതിരെ നടപടി സ്വീകരിച്ചു. ഇയാളിൽ നിന്ന് പതിനഞ്ചായിരം രൂപ പിഴ ഈടാക്കി. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പിഴ ഈടാക്കിയത് .പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ ഫീൽഡ് പരിശോധന നടത്തി. പിഴ ഈടാക്കുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകി.